കാസര്‍ഗോഡ്: വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കാസര്‍ഗോഡ് ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സാജിദ (29), വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി അബു താഹിര്‍(22) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ വ്യാപാരിയും വിദ്യാനഗര്‍ സ്വദേശിയുമായ യുവാവിനെയാണ് സംഘം ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.
അഞ്ചുമാസം മുമ്പ് ഫോണില്‍ ബന്ധപ്പെട്ട് വീട് വില്‍ക്കാനുണ്ടെന്നു പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇടപാടിനെക്കുറിച്ചു സംസാരിക്കുന്നതിനായി സാജിദ ആവശ്യപ്പെട്ടതു പ്രകാരം വ്യാപാരി ചൗക്കിയിലെ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ യുവതിയും കൂടെയുണ്ടായിരുന്ന അബു താഹിര്‍ ഉള്പ്പെടെയുള്ളനാലുപേരും ചേര്‍ന്ന് തടഞ്ഞുവച്ചു യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.
ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന 24,000 രൂപ സംഘം കൈക്കലാക്കി. പിന്നീട് എടിഎം കാര്‍ഡ് വാങ്ങി പിന് നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം 24,000 രൂപ കൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അബു താഹിറിനെ ആദ്യം അറസ്റ്റ് ചെയ്തു.
ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. മറ്റു മൂന്നു പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപാരിയാണ് ആദ്യം മിസ്ഡ് കോളിലൂടെ തന്നെ പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം മൊഴിനല്‍കിയത്. വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞു തന്നെ വഞ്ചിച്ചതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നേരത്തേ തയാറാക്കിവച്ചിരുന്ന തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നേരത്തേ വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബു താഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്നു സമ്പന്നരായ വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.