കാളികാവ്: കഴിഞ്ഞ ദിവസം കാളികാവിൽ യുവാവ് ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പിൽ കുടുങ്ങിയാണെന്ന് പോലീസ് നിഗമനം. കാളികാവ് പോലീസ് അന്വേഷണം ഉൗർജിതമാക്കി.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഹണി ട്രാപ്പ് കെണിയൊരുക്കി കാത്തിരിക്കുന്നത് നിരവധി സംഘങ്ങളാണ് . കെണിയിൽ കുടുങ്ങിയാൽ പണം മാത്രമല്ല അഭിമാനത്തിന് ക്ഷതമേൽക്കുന്നതിനാൽ ജീവൻ വരെ നഷ്ടപ്പെടുന്ന സംഭവങ്ങൾ ധാരാളം.
സൗജന്യമായി സ്ത്രീകളുമായി തുറന്ന സംസാരത്തിന് അവസരം എന്ന രീതിയിലാണ് യുവാക്കളെ കെണിയിൽ അകപ്പെടുത്തുന്നത്.
കാളികാവിൽ യുവാവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.കാളികാവിൽ ഇരയായ യുവാവ് 5001 രൂപ രണ്ട് സുഹൃത്തുക്കളിൽ നിന്ന് ഗൂഗിൾ പേ വഴി നൽകിയിട്ടുണ്ട്.
കാളികാവ് സിഐ ഹിദായത്തുള്ള മാന്പ്രയുടെ നേതൃത്വത്തിൽ എസ്ഐ ശശീന്ദ്രനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി യുവാവ് ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ആത്മഹത്യ ചെയ്ത സ്ഥലത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഉടൻ തന്നെ ഹണി ട്രാപ്പ് സംഘത്തെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചു.