തിരുവനന്തപുരം: ഹണിട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐ മൊഴി നൽകി. പാങ്ങോട് പോലീസിലാണ് എസ്ഐ യുവതിക്കെതിരെ മൊഴി നൽകിയത്.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങിയെന്നാണ് എസ്ഐ മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയത്.
പണം നൽകിയതിന്റെ രേഖകൾ എസ്ഐ പോലീസിന് കൈമാറിയിട്ടില്ല. എസ്ഐയെ യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. എസ്ഐ യാണ് ഇത് പുറത്ത് വിട്ടതെന്ന് യുവതിയുടെ ആരോപണം.
എന്നാൽ താൻ പുറത്ത് വിട്ടിട്ടില്ലെന്നും ഫോണ് പരിശോധിക്കാമെന്നും എസ്ഐ പറഞ്ഞു. ഫോണ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചൽ സ്വദേശിനിയായ യുവതി പണം തട്ടിയെടുത്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വന്നത് ഒരാൾ മാത്രമായിരുന്നു.