സ്വന്തം ലേഖകന്‍
കോഴിക്കോട്: പോലീസിനു പിടിപ്പതു പണിയായി ഹണിട്രാപ്പ് കേസുകള്‍ പെരുകുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ ഉണ്ടായ സംഭവമുള്‍പ്പെടെ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിച്ച് ഹണിട്രാപ്പ് സംഘം ഇപ്പോഴും സജീവമാണെന്നാണ് വിവരം.
രണ്ടു വര്‍ഷത്തിനിടെ മാത്രം പത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരോ വര്‍ഷവും കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഇതില്‍ ഇരകളാക്കപ്പെട്ടതാകട്ടെ വലിയ ‘പുള്ളി’കളും.
ഇങ്ങനെയുള്ള മിക്ക സംഭവങ്ങളും നാണക്കേടും മറ്റും മൂലം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നതുകൂടി കണക്കിലെടുക്കുന്പോഴാണ് ഈരംഗത്തു നടക്കുന്ന ചതിയുടെ ആഴം വ്യക്തമാകുന്നത്.
ഫേസ്ബുക്ക് ഹണിട്രാപ്
കോവിഡ് കാലഘട്ടത്തില്‍ ആണ് ഇത്തരം സംഘങ്ങള്‍ തഴച്ചുവളര്‍ന്നത്. തൃശൂരില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റിലായതാണ് ഇതില്‍ ഏറ്റവും അവസാനത്തേത്.
അതേസമയം, ഹണിട്രാപ്പില്‍പ്പെട്ടു പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേര്‍ക്കും അപമാനം ഭയന്ന് ‘പരാതി’ നല്‍കാത്തതാണ് ഇത്തരം സംഘങ്ങള്‍ വേരുറപ്പിക്കാന്‍ കാരണം.
ഫേസ്ബുക്ക് ഹണിട്രാപ്പില്പെട്ടു പോകരുതെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരവധി തവണ മുന്നറിയിപ്പുനല്‍കിയിരുന്നു.
ന്യൂ ഇയര്‍ ആഘോഷങ്ങളുള്പ്പെടെയുള്ള സമയങ്ങളില്‍ ഓണ്‍ ലൈനില്‍ ഉറങ്ങാതിരുന്നു ബനധം സ്ഥാപിക്കുക എന്നതാണ് ഇവരുടെ തന്ത്രം.
ഈ സമയത്തെ ആളുകളുടെ മൂഡ് മുതലെടുത്താണ് ട്രാപ്പ്. ആശംസകള്‍ നേരടാനും മറ്റുമായി ഉറക്കമിളച്ച് ഇരിക്കുന്നവരിലേക്കാണ് ഹണി സന്ദേശങ്ങള്‍ എത്തുക.
പിന്നെ ഇതിനു പിന്നാലെയുള്ള കാര്യങ്ങള്‍ എത്തുക വലിയ ചതിയിലേക്കും… പ്രമുഖ വ്യാപാരികള്‍, സമ്പന്നര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള വലിയ കളികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും അപരിചിതവുമായ പ്രൊഫൈലുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബർ സെല്‍ മുന്നറിയിപ്പ് നല്കുന്നു.
ഉത്തരേന്ത്യൻ സംഘങ്ങളും
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണെന്നും മാനഹാനിയും വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്നു പരാതി നല്‍കുന്നതിന് ആള്ക്കാര് വിമുഖത കാണിക്കുന്നുണ്ടെന്നും സെല്‍ അറിയിച്ചു.
തൃശൂര്‍ സംഭവത്തിനു മാസങ്ങള്‍ക്ക് മുന്‍പ് മിസ്ഡ് കോളിലൂടെ ബന്ധം സ്ഥാപിച്ച് എറണാകുളം സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ ദമ്പതികളടക്കമായിരുന്നു പ്രതികള്‍.
ഇതിനിടെ പോലീസുകാരനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസ് കൊല്ലത്തുനിന്നു പുറത്തുവന്നു. നിരവധി പോലീസുകാര്‍ ട്രാപ്പില്‍ കുടുങ്ങിയെങ്കിലും കേസ് പിന്നെ അധികം അന്വേഷിക്കപ്പെട്ടില്ല.
കഴിഞ്ഞ വര്‍ഷം മൂവാറ്റുപഴയില്വന് ഹണി സംഘമാണ് അറസറ്റിലായത്. ഈ അന്വേഷണവും പാതിയില്‍ നിന്നു.