കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപെടുത്തി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാർ മക്കാനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ഉദ്യോഗസ്ഥന്റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനർ എന്നിവയാണു തട്ടിയെടുത്തത്.
ക്വാർട്ടേഴ്സിലെ താമസക്കാരായ ശ്യാംസുന്ദർ, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷ എന്ന യുവതി, സഹായിയായ മറ്റൊരാൾ എന്നിവർ ചേർന്നാണു തട്ടിപ്പ് നടത്തിയത്. ഇസാഫ് ബാങ്കിന്റെ കണ്ണൂർ ശാഖയിലെ ഡവലപ്പ്മെന്റ് ഓഫീസറായ വടകര മുയിപ്പോത്ത് സ്വദേശി സി.വി. ബെഞ്ചമിൻ കാസ്ട്രോയാണ് (30) ഹണിട്രാപ്പിന് ഇരയായത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ താത്പര്യമുണ്ടെന്നും ബാങ്കിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഫോണിൽ ഇവർ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്കാനറും എടുത്ത് 11 ഓടെ മക്കാനിക്കടുത്ത ക്വാർട്ടേഴ്സിലെത്തിയ ബെഞ്ചമിനെ വൈകുന്നേരം അഞ്ചുവരെ അവിടെ തടങ്കലിൽ ആക്കിയാണ് ഇവർ പണം ഉൾപ്പെടെ അപഹരിച്ചത്.
ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിർത്തി നഗ്നഫോട്ടോ എടുപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണത്തിനു പുറമെ 20,000 രൂപ ഗൂഗിൾപേ ചെയ്യിപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും അക്കൗണ്ടിൽ വേറെ പണമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇയാളെ വിട്ടയച്ചത്. ടൗൺ പോലീസ് സ്റ്റേഷനിലെത്തി യുവാവ് പരാതി നൽകിയതിനെത്തുടർന്ന് രാത്രിയോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.