കൊച്ചി: പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയായ സിനിമാ നിർമാതാവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്.
പ്രൊഡക്ഷൻ കണ്ട്രോളർ കൂടിയായ ഇദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ചരിയൻപറന്പിൽ രമ്യാ കൃഷ്ണൻ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എൽദോ പോൾ, സാജിദ്, പാലാരിവട്ടം നെല്ലിപ്പറന്പ് വീട്ടിൽ എൻ.എ. അനീഷ് എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
വഞ്ചന, തട്ടിപ്പ്, പണംതട്ടിയെടുക്കൽ, സംഘംചേർന്ന് കുറ്റകൃത്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഭിഭാഷകർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
2020 ഒക്ടോബർ 21 മുതൽ സിനിമാ കഥ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണൻ തന്നെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി പരാതിയിൽ പറയുന്നു.
അശ്ലീല ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ തുടരെ അയക്കാനും തുടങ്ങി. പിന്നീട് ഒരു സ്ത്രീ തനിക്കെതിരെ കേസ് കൊടുക്കാൻ നിർബന്ധിക്കുന്നുവെന്ന് പറഞ്ഞ് രമ്യ അഭിഭാഷകരായ എൽദോ പോളിനെയും സാജിദിനെയും മുന്നിലെത്തിച്ചു.
രമ്യയുടെയും സുഹൃത്തിന്റെയും വാട്സ് ആപ്പിലും ഫേസ്ബുക്കിലുമുള്ള മെസേജുകൾ കാണിച്ച് കേസു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫീസിൽ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ 1.25 കോടി രൂപയിൽ ഒത്തുതീർപ്പായി.
രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേർന്ന് ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് കരാറിൽ ഒപ്പുവപ്പിച്ചുവെന്നും അഡ്വാൻസായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.