ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍.
ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്.
പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തി ആണ്.
സമ്പന്നരും സമൂഹത്തില്‍ ഉന്നത സ്ഥാനവുമുള്ള ആളുകളെയാണ് സംഘം കെണിയില്‍ വീഴ്ത്തിയിരുന്നത്. ഇത്തരത്തില്‍ ഉള്ളവരെ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച കുട്ടികളെ കൂടെ നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
നവംബര്‍ മൂന്നിന് ഒരു പോക്സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന് അയ്യുബ് ( 30) ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിന്റെ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അയ്യൂബും അജിനാസും ഈ കേസിലും ഉള്‍പ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്.
സംഘത്തിന്റെ കെണിയില്‍പ്പെട്ട് അഞ്ചുലക്ഷം നഷ്ടമായ ഒരു മധ്യവയസ്കന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ ആണ്‍കുട്ടികളെ കാട്ടി പലരെയും ഇവര്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയതായി ഉള്ള വിവരം പുറത്തു വന്നിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ചിത്രംകാട്ടിയാണ് ഈയൊരു വൈകൃതമുള്ളവരെ വശീകരിക്കുന്നത്. ഇവരുടെ വാക്ക് വിശ്വസിച്ച് ഇടപാടുകാരന് സ്ഥലത്തെത്തും.
എന്നാല്‍ കൃത്യസമയത്ത് കുട്ടിയുടെ ബന്ധുക്കളാണെന്നു പറഞ്ഞ് സംഘത്തിലെ ചില ആളുകള്‍ ഓടിയെത്തി കുട്ടിയെ മോചിപ്പിക്കുന്നതാണ് ഇവരുടെ രീതി. മാത്രമല്ല ഇവിടെ എത്തിയ ആളിനെ സംഘാംഗങ്ങള്‍ മര്‍ദിക്കും.
അപ്പോള്‍ മറ്റൊരു സംഘം വന്നു ഇടപാടുകാരനെ മര്‍ദനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ എന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫിസിലേക്ക് കൂട്ടി കൊണ്ടുവരും.
അവിടെ വെച്ച് ജംഷീര്‍ വക്കീല്‍ ഗുമസ്തനായി അഭിനയിച്ചു വക്കീലുമാരെയും പോലീസ് ഓഫിസര്‍മാരെയും വിളിക്കുന്ന പോലെ അഭിനയിച്ച് ഇടപാടുകാരനെ ഭീതിയിലാഴ്ത്തും.
പിന്നീട് പ്രശ്നം വലിയ തുകക്ക് ഒത്തു തീര്‍പ്പാക്കും. ചെറിയ തുക നല്കി ഭക്ഷണവും വസ്ത്രവും വാങ്ങികൊടുത്തു തട്ടിപ്പിന് കൂടെ നിന്ന കുട്ടികളെ പറഞ്ഞുവിടും. ഇടപാടിലെ വലിയ പങ്ക് ജംഷീര്‍ കൈക്കലാക്കും.
വീതം വെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ബംഗാളി ജംഷീറാണ് സംഘ തലവന്‍. വാഹന ഫിനാന്‍സ് ഇടപാടിനെന്ന പേരില്‍ നിലമ്പൂര്‍ ഒ.സി.കെ പടിയിലെ ജംഷീറിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവര്‍ത്തനം. നിരവധി പേര് സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.
പുതിയതായി വാങ്ങിയ ടാറ്റാ നെക്സോണ്‍ കാര്‍ സര്‍വീസ് ചെയ്യാന്‍ ജംഷീര്‍ പെരിന്തല്‍മണ്ണയിലെ ഷോറൂമിലെത്തിയതായി പോലീസിന് രഹസ്യ വിവരംലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മമ്പാടു നിന്നുമാണ് പിടികൂടിയത്.