കൂത്തുപറമ്പ്: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് പണം കവരുകയും സ്ത്രീയോടൊപ്പം നിർത്തിയെടുത്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണ മോതിരം കൈക്കലാക്കുകയും ചെയ്തുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
തലശേരി പാലയാട് രജീഷ് നിവാസിൽ എം.കെ.റനീഷി (28) നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസു മജിസ്ട്രേട്ടു കോടതിയുടെ അനുമതി പ്രകാരം കൂത്തുപറമ്പ് എസ് ഐ പി.റഫീഖ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ ചോദ്യം ചെയ്ത് നടത്തിയ തെളിവെടുപ്പിൽ കേസിലെ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത സ്വർണ മോതിരം തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ജ്വല്ലറിയിൽ വില്പന നടത്തിയതായിരുന്നു മോതിരം.ഈ മാസം 22ന് കൂത്തുപറമ്പ് മൂന്നാംപീടികയിലെ വാടക വീട്ടിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലശേരി സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം മുറിയിൽ പൂട്ടിയിടുകയും സ്ത്രീയോടൊപ്പം നിർത്തിയെടുത്ത ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭിഷണിപ്പെടുത്തി സ്വർണ മോതിരവും മറ്റും തട്ടിയെടുക്കുകയായിരുന്നു.
കേസിൽ റനീഷിനോടൊപ്പം പുന്നോൽ എ.പി.ഹൗസിൽ റഹനാസ് എന്ന സ്ത്രീയും അറസ്റ്റിലായിരുന്നു. ഇവരും റിമാൻഡിലാണുള്ളത്. മൂന്നാം പ്രതിയായ അസ് ബീറ തലശേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ ഫയൽ ചെയ്തിരിക്കുകയാണ്. അതേസമയം, റനീഷ്, ഷഹനാസ് എന്നിവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടു കോടതി തള്ളി. ചോദ്യം ചെയ്യൽ നടപടികൾക്കു ശേഷം ഇന്ന് റനീഷിനെ തിരികെ കോടതിയിൽ ഹാജരാക്കും.