പകല്‍ പോലീസിന് ക്ലാസെടുക്കും രാത്രിയില്‍ ‘പണി വേറെ’ ! ഹണിട്രാപ്പില്‍ പിടിയിലായ നാലുപേരില്‍ ഒരാളെ കണ്ട് പോലീസുകാരുടെ ബോധം പോയി…

കോട്ടയം: പകല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസ് എടുക്കും. രാത്രിയില്‍ അശ്ലീല വീഡിയോ പകര്‍ത്തി ഹണി ട്രാപ്പ് വഴി പണം തട്ടും.

ഹണി ട്രാപ്പ് നടത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറന്പില്‍ ടി.എസ്. അരുണാ(29)ണ് സൈബര്‍ സുരക്ഷാ ക്ലാസുകളും സെമിനാറുകളും എടുക്കുന്നത്.

ഇന്നലെ അറസ്റ്റ് ചെയ്തു വെസ്റ്റ് സ്റ്റേഷനിലെത്തിച്ച അരുണിനെ കണ്ടപാടെ പോലീസുകാര്‍ ഒന്നു ഞെട്ടി. ഇന്നലെ വരെ ഞങ്ങളെ നിയന്ത്രിച്ചിരുന്നവന്‍ ഇന്ന് അതേ സംഭവങ്ങളില്‍ പ്രതി.


വൈകി സ്റ്റേഷനിലെത്തിയ പോലീസുകാര്‍ കാര്യമറിയാതെ ആദ്യം ഒന്നു പകച്ചുപോയി. പോലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്ന അരുണ്‍ ഈ ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ഫേസ് ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ പകര്‍ത്തി ഹണിട്രാപ്പ് ആസൂത്രണം ചെയ്താണു പണം തട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരുണ്‍ ഉള്‍പ്പടെ നാലംഗ സംഘത്തെയാണു കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.

പോലീസിനുവേണ്ടി സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്ന തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറന്പില്‍ ടി.എസ്. അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍ പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പ് ഇങ്ങനെ…ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയായ യുവാവി നെയാണ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഈ യുവാവ് സൗഹൃദത്തിലായി.

ഇതോടെ പെണ്‍കുട്ടിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട് ഇരുവരും തമ്മില്‍ മെസഞ്ചറിലൂടെയാണ് ചാറ്റ് ചെയ്തിരുന്നത്. യുവാവ് പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ പെണ്‍കുട്ടി മെസഞ്ചറില്‍ വീഡിയോ കോളില്‍ എത്തുകയായിരുന്നു. മുഖം കാണിക്കാതെ നഗ്‌നയായാണ് എത്തിയത്.
വീഡിയോ കോളിന്റെ തൊട്ടടുത്ത ദിവസം യുവാവിനെ ഫോണില്‍ വിളിച്ച സംഘം പണം ആവശ്യപ്പെട്ട് ഭീഷണപ്പെടുത്തുകയായിരുന്നു.


പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാണെന്നും, പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് ഇയാള്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകളും സെമിനാറുകളും എടുക്കുന്ന അരുണാണ് ഹണിട്രാപ്പിന്റെ മുഖ്യആസൂത്രകനെന്ന് കണ്ടെത്തി.

പിന്നീട്‌ യുവാവ് പോലീസ് നിര്‍ദേശാനുസരണം പ്രതികളുമായി സംസാരിച്ചു രണ്ടു ലക്ഷം രൂപ നല്കാമെന്ന് സമ്മതിച്ചു. എന്നാല്‍ പണം ബിറ്റ് കോയിനായോ ക്രിപ്‌റ്റോ കറന്‍സിയായോ നല്‍കണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ യുവാവ് ഇതിനു തയാറാകാതെ തുക പണമായി നല്‍കാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ഇന്നലെ ഉച്ചയോടെ പ്രതികള്‍ പണം വാങ്ങാന്‍ എത്തിയപ്പോള്‍ പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്‌ഐ കുര്യന്‍ മാത്യു, പ്രൊബേഷന്‍ എസ്‌ഐ അനില്‍ ദേവ്, എസ്സിപിഒമാരായ ദിലീപ് വര്‍മ്മ, ടി.ജെ. സജീവ്, സി. സുദീപ്, സി.കെ. നവീന്‍, സിപിഒമാരായ കെ.ആര്‍. ബൈജു, വിഷ്ണു വിജയദാസ്, ലിബു ചെറിയാന്‍, കെ.എന്‍. രതീഷ്, സി.എസ്. നൗഫല്‍, സന്തോഷ് എ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment