പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ പെരുമ്പ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ ഉടമകളെ പോലീസ് കണ്ടെത്തി.
ഹണിട്രാപ്പില്‍ കുടുക്കിയ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാന്‍ ഇടനിലക്കാരായി എത്തിയ കാസര്‍ഗോഡ് ജില്ലയിലെ രണ്ടു യുവാക്കളെത്തിയ ബൈക്കാണിതെന്നാണ് പോലീസ് കണ്ടെത്തിയത്.
സ്കൂള്‍ ജീവനക്കാരനെ തേന്‍കെണിയില്‍ കുടുക്കി പണം പിടുങ്ങാനുള്ള ശ്രമവും പണം വാങ്ങാനെത്തിയവരെ കൈകാര്യം ചെയ്ത സംഭവവും ഇന്നലെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പെരുമ്പ ബൈപാസ് റോഡിലെ കലുങ്കിന് സമീപത്ത് വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ പിന്നാമ്പുറ കഥകളും ചെന്നെത്തുന്നത് ഹണിട്രാപ്പ് സംഭവങ്ങളിലേക്കാണെന്നാണ് പോലീസിന്റെ അന്വേഷണത്തിലും വ്യക്തമായത്.
ഇന്നലെ ഉച്ചയോടെയാണ് കാസര്‍ഗോഡ് രജിസ്ട്രേഷനിലുള്ള പള്‍സര്‍ ബൈക്ക് തോട്ടിലെ വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച്
തോട്ടില്‍ നിന്നും ബൈക്ക് കരയ്ക്കു കയറ്റുകയായിരുന്നു.തുടര്‍ന്ന് ബൈക്കിനെപറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ഹണിട്രാപ്പിനിരയായ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാനെത്തിയ യുവാക്കള്‍ എത്തിയ ബൈക്കാണിതെന്ന് ബോധ്യമായത്.
മുന്‍പരിചയമുണ്ടായിരുന്ന യുവതിയാണ് കൂടുതല്‍ അടുപ്പം കാണിച്ച് സ്കൂള്‍ ജീവനക്കാരനെ ഹണിട്രാപ്പിനിരയാക്കി കെണിയൊരുക്കിയത്. തുടര്‍ന്ന് അഞ്ചുലക്ഷം രൂപചോദിച്ച് ഹണിട്രാപ്പിന്റെ ആസൂത്രകരായ ചിലര്‍ വീഡിയോകളും ഫോട്ടോകളുമായി രംഗത്തെത്തിയതോടെയാണ് മാനഹാനി ഭയന്ന ഇര ഒത്തുതീര്‍പ്പിന് തയാറായത്.
ഒടുവില്‍ രണ്ടുലക്ഷം രൂപയുടെ ചെക്കും 20,000 രൂപയും നല്കി തടിതപ്പിയെങ്കിലും ചെക്കിലെ തുക പണമായി നല്‍കണമെന്ന ആവശ്യമാണ് പിന്നീടുണ്ടായത്. തത്കാലം കയ്യിലുള്ള 50,000 രൂപ നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം വാങ്ങാനായി ബുധനാഴ്ച പയ്യന്നൂര്‍ ബൈപാസ് റോഡിലെത്തിയ യുവാക്കളും സ്കൂള്‍ ജീവനക്കാരന് നിയോഗിച്ച സംഘവുമായി സംഘട്ടനവുമുണ്ടായി.
ഇതിനിടയില്‍ തോട്ടില്‍ ഉപേക്ഷിച്ചതാണ് ബൈക്കെന്നാണ് സൂചന. ഹണിട്രാപ്പ് സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് പോലീസ്. എന്നാല്‍
സംഭവ സ്ഥലത്തുനിന്നും പിടികൂടിയ യുവാക്കളുടെ ഫോണില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഉറക്കം നഷ്ടപ്പെട്ട ചിലര്‍ ഉന്നത സ്വാധീനമുപയോഗിച്ച് പോലീസ് നടപടികള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.