കാക്കനാട്(കൊച്ചി): കൊല്ലം സ്വദേശിയായ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം സ്വദേശി ദിവാകരന് നായരെ (64) കൊലപെടുത്തിയ കേസില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയ പൊന്‍കുന്നം കായപ്പാക്കല് ദിവാകരന് നായരുടെ മകന് അനില്‍കുമാര്‍ (45), പൊന്‍കുന്നം പച്ചിമല പനമറ്റംകരയില് ചരളയില്‍ രാജപ്പന്റെ മകന് രാജേഷ് (37),
പൊന്‍കുന്നം കിഴക്കടം കണ്ണമലവീട്ടില് സജിയുടെ മകന് സന്‍ജയ് (23), കൊല്ലം കുമിള്‍ കുഴിപ്പാറയില് തൃക്കണ്ണപുരം പാറവിള ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്കാകും കൂടുതല്‍ അന്വേഷണം നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ കേസില്‍ കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തിലാണു പോലീസ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇതു സംബന്ധിച്ചു കൂടുതല്‍ വ്യക്തത ഉണ്ടാകൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ദിവാകരന് നായരെ ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞത്.
സഹോദരനുമായള്ള സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു ദിവാകരന് നായരുടെ സഹോദരന്റെ ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണു കൊലപാതകം നടത്തിയതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം. ജിജിമോന് പറഞ്ഞു.
ദിവാകരനെ ഫോണിലൂടെ ഹണി ട്രാപ്പ് ചെയ്ത് കൊല്ലത്തെ വീട്ടില്‍നിന്നു കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താന്‍ ഒത്താശ ചെയ്തത് ഷാനിഫയാണെന്നു പോലീസ് അറിയിച്ചു.
രണ്ടാം പ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്താലാണു ദിവാകരന് നായരെ കാക്കനാട് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. 50,000 രൂപ അഡ്വാന്‍സും ക്വട്ടേഷന്‍ സംഘത്തിന് നല്കി.
പൊന്‍കുന്നത്തുനിന്നു സംഘം കൊച്ചിയിലെത്തിയതു വാടകയ്ക്കെടുത്ത ഇന്നോവയിലായിരുന്നു. ദിവാകരന് നായരെ ഇതേ വാഹനത്തിനുള്ളില്‍വച്ച് ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു.
തൃക്കാക്കര അമ്പലത്തിന് സമീപത്ത് നടന്ന ബലപ്രയോഗത്തിനിടയില്‍ ഊരിപ്പോയ ഇയാളുടെ ചെരുപ്പുകള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
ദിവാകരന് നായര്‍ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അന്വേഷണ സംഘത്തിനു നല്കിയ മൊഴിയാണ് അന്വേഷണം വേഗത്തിലാക്കിയത്.