കൊച്ചി: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുവരും സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന പോലീസ് അന്വേഷണം വ്യാപിപിച്ചു.
പ്രണയം നടിച്ച് യുവാവിനെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നെടുത്ത കേസില്‍ കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന(24), പേണേക്കര സ്വദേശി അല്‍ത്താഫ്(21) എന്നിവരാണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
യുവതിയും സുഹൃത്തും രണ്ടു മാസം മുമ്പാണ് ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്.
ഇതിനുമുമ്പ് യുവതി പാലാരിവട്ടം പോലീസിന്റെ കീഴിലുള്ള പ്രദേശത്തായിരുന്നു താമസമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എവിടെയെങ്കിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണു പോലീസ് പരിശോധിക്കുന്നത്.
തട്ടിപ്പിന് ഇരയായവര്‍ നാണക്കേടുകാരണം പരാതിപ്പെടാന്‍ വൈമുഖ്യം കാണിക്കുന്നതാണോയെന്നും പോലീസ് സംശയിക്കുന്നു. നേരത്തേ രാത്രികാലങ്ങളില്‍ ഈ യുവതിയെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ കാണാറുള്ളതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. വട്ടേക്കുന്നം സ്വദേശിയായ പത്തൊന്പതുകാരന്റെ പരാതിയിലാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അല്‍ത്താഫിന് പരിചയമുള്ള പത്തൊന്‍പതുകാരനെ പ്രണയം നടിച്ച് റിസ്വാന വീട്ടിലേക്കു വിളിച്ച് വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും തുടര്‍ന്ന് ഇയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും ഇരുവരും ചേര്‍ന്ന് തട്ടിയെടുക്കുകയുമായിരുന്നുവെന്നു പോലീസ് വ്യക്തമാക്കുന്നു.
മോഷണമുതല്‍ ഇവരുടെ പക്കല്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന മുറയ്ക്കാകും പ്രതികളെ കസറ്റഡിയില്‍ വാങ്ങുകയെന്നും അധികൃതര്‍ പറഞ്ഞു.