ഫോർട്ടുകൊച്ചി: ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത യുവതിയും കാമുകനും പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തു പറന്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന(29) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഫോർട്ടുകൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു വന്നിരുന്ന യുവതി. ഇവിടെനിന്നു ശീതള പാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നും പറഞ്ഞു ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി.
തുടർന്ന് ലോഡ്ജുടമയെയും കൂട്ടുകാരനെയും ഇവർ ആശുപത്രി മുറിയിൽ പൂട്ടിയിട്ടു യുവതിക്കൊ പ്പം ഇവരുടെ വീഡി യോ പകർത്തി. മർദിച്ചു ഭീഷണിപ്പെടുത്തി പേഴ്സിൽനിന്നു പണവും തിരിച്ചറിയിൽ രേഖയും തട്ടിയെടുത്തു. തുടർന്ന് ലോഡ്ജുടമ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കു പരാതി നൽകി. ഇതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു ഹണിട്രാപ്പിന്റെ വിവരം കൂടി പുറത്തുവന്നു. എറണാകുള ത്തെ പ്രമുഖ ആശുപത്രികളിൽ ദീർഘകാല ചികിത്സയ്ക്കു വരുന്നവർക്കും ബന്ധുക്കൾക്കും താമസ സൗകര്യം ഏർപ്പെടുത്തി ക്കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയെയും സമാന രീതിയിൽ യുവതിയും സംഘവും കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതു പ്രകാരം കൂടുതൽ തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വി.യു. കുര്യാക്കോസ്, മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ് എന്നിവരുടെ നിർദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ. സാബു, സബ് ഇൻസ്പെക്ടർമാരായ ഒ.ജെ. ജോർജ്, മധുസുദനൻ, പോലീസുകാരായ ബിജു, എഡ്വിൻ റോസ്, കെ.എ. അനീഷ്, എ.ടി. കാർമിലി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും.