കൂത്തുപറമ്പ്: പരിചയത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ കെണിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന് സൂചന.
തലശേരി സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പുന്നോൽ എ.പി.ഹൗസിൽ ഷഹനാസ് (34), പാലയാട് രജീഷ് നിവാസിൽ എം.കെ.റനീഷ് (28) എന്നിവരെ എസ്ഐ പി.റഫീഖ് അറസ്റ്റു ചെയ്തിരുന്നു.
നേരത്തെ തലശേരി സ്വദേശിയായ യുവാവിനെ ഷഹനാസ് പരിചയപ്പെട്ടതിനെ തുടർന്ന് ഈ മാസം 22 ന് മൂന്നാംപീടികയിലെ വാടക ക്വാർട്ടേഴ്സിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് റനീഷ് യുവാവിനെ മുറിയിലിട്ട് പൂട്ടുകയും മർദ്ദിച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ഷഹനാസിനെ കൂടെ നിർത്തി യുവാവിന്റെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 4800 രൂപയും സ്വർണ മോതിരവും അപഹരിക്കുകയായിരുന്നുവെന്നാണ് കേസ്.
ഇവർ അറസ്റ്റിലായതോടെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മട്ടന്നൂർ, തലശേരി ഭാഗങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പു സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് കൂത്തുപറമ്പിലെ ഒരു വ്യവസായിയും തട്ടിപ്പിന് ഇരയായതായാണ് വിവരം.എന്നാൽ ഇത്തരം സംഭവങ്ങളിൽ മാനഹാനി ഭയന്നാണ് സംഭവം പുറത്ത് പറയാനും പരാതി നൽകാതിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം റിമാൻഡിലായ ഷഹനാസിനേയും റനീഷിനേയും കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്നും സൂചനയുണ്ട്. കേസിൽ മൂന്നാം പ്രതിയായ അസ്ബീറയുടെ കുറ്റകൃത്യത്തിലുള്ള പങ്കിനെ കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.