കോതമംഗലം: ഹണി ട്രാപ്പില്‍ മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ കെണിയൊരുക്കിയ ആര്യ (25) കടയുടമയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരി.
ലോക്ക് ഡൗൺ കാലത്ത് ജോലി ഉപേക്ഷിച്ച ആര്യ അങ്കമാലിയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും ഇതിന്റെ ഭാഗമായുള്ള പാർട്ടിയിൽ പങ്കെടുക്കണമെന്നും പറഞ്ഞാണ് കടയുടമയെ വിളിച്ചുവരുത്തിയത്. കേസില്‍ യുവതിയടക്കം അറസ്റ്റിലായ അഞ്ച് പ്രതികളെയും റിമാൻഡ് ചെയ്തു.
നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആര്യയെക്കൂടാതെ തട്ടിപ്പിന് കൂട്ടുനിന്ന നെല്ലിക്കുഴി കാപ്പുചാലില്‍ മുഹമ്മദ് യാസിന്(22), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിന്(19), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കാഞ്ഞിരക്കുഴി ആസിഫ്(19), നെല്ലിക്കുഴി പറമ്പി റിസ്വാന്(21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 18,000 രൂപയും കണ്ടെടുത്തു. ആന്റിജന്‍ പരിശോധനയില്‍ ഒരാൾക്ക് കോവിഡ് പോസിറ്റീവാണ്. ഇയാളെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
കേസിലെ മുഖ്യസൂത്രധാരൻ ഇരുമലപ്പടി സ്വദേശി ഷിഹാബ് അടക്കം നാലുപേർകൂടി പിടിയിലാകാനുണ്ട്. ഷിഹാബ് നിരവധി കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആര്യയുടേത് വഴിവിട്ട ജീവിതം
ഹണിട്രാപ്പ് ഒരുക്കി പിടിയിലായ ആര്യ മുൻപും സമാനരീതിയിൽ കെണി ഒരുക്കി പണം തട്ടിയിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. ആര്യ മുൻപും വഴിവിട്ട ജീവിതം നയിച്ച് വന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകും മുമ്പേ മുവാറ്റുപുഴ സ്വദേശിയായ യുവാവിനൊപ്പം പോയ ആര്യയെ പിന്നീട് വീട്ടുകാർ ഇയാൾക്കൊപ്പം വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു.
പിന്നീട് പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് നെല്ലിക്കുഴിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ആര്യ. കേസിൽ പിടിയിലായ മുഹമ്മദ് യാസിനാണ് ആര്യക്ക് നെല്ലിക്കുഴിയിൽ താമസസൗകര്യം ഒരുക്കിനൽകിയിട്ടുള്ളതെന്നാണ് പറയുന്നത്.
വിളിച്ചുവരുത്തിയത് ആഘോഷത്തിന്
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴയില്‍ ഡിടിപി സെന്റര്‍ നടത്തുന്നയാളാണ് ഹണിട്രാപ്പിൽപ്പെട്ടത്. ഡിടിപി സെന്ററിലെ മുൻ ജോലിക്കാരിയായിരുന്നു ആര്യ.
കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ആര്യ ഡിടിപി സെന്ററിലെ ജോലി അവസാനിപ്പിച്ചു. പ്രതികളുമായി ചേർന്ന് തട്ടിപ്പ് ആസുത്രണം
ചെയ്ത ശേഷം അങ്കമാലിയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും ഇതിന്റെ സന്തോഷത്തിൽ ഒരു പാർട്ടി നടത്തുണ്ടെന്നും അതിൽ പങ്കെടുക്കാൻ എത്തിച്ചേരണം എന്നു പറഞ്ഞ് കടയുടമയെ കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പ്രതികൾ ആവശ്യപ്പെട്ടത് 3.50 ലക്ഷം
ലോഡ്ജിൽ എത്തിയ കടയുടമയെ ഭീഷണിപ്പെടുത്തി അര്ദ്ധനഗ്നയായിനിന്ന ആര്യക്കൊപ്പം നഗ്നനാക്കി നിർത്തി പ്രതികള്‍ ചിത്രമെടുത്തു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കാതിരിക്കാന്‍ 3.50 ലക്ഷം രൂപയും ആവശ്യപ്പെട്ടു.
പണം കൈവശമില്ലെന്ന് പഞ്ഞപ്പോള്‍ പ്രതികള്‍ ഷാജിയുടെ കാറും മൊബൈലും എടിഎംകാര്‍ഡും തട്ടിയെടുത്തു. ഷാജിയെ കാറില്‍ ബന്ദിയാക്കി ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളില്‍ കറങ്ങി.
ഇതിനിടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 35,000 രൂപ പിന്‍വലിക്കുകയും ചെയ്തു. കോട്ടപ്പടിയിലെത്തിയപ്പോള് മൂത്രം ഒഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഷാജി ഒച്ചവച്ച് ആളെകൂട്ടിയാണ് രക്ഷപ്പെട്ടത്.
ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ ഷാജിയെ മര്‍ദിച്ച് കാറുമായി കടന്നുകളഞ്ഞു. രാത്രി തന്നെ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികളില്‍ യാസിനാണ് യുവതിയുമായി കൂടുതല്‍ അടുപ്പമെന്ന് പോലീസ് പറഞ്ഞു.
ഒളിവില്‍ പോയ പ്രതികളെല്ലാം മൊബൈല്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. വൈദ്യ പരിശോധനയില്‍ പ്രതികളിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവായതോടെ പ്രിന്‍സിപ്പല്‍ എസ്ഐ അടക്കം ആറു പോലീസുകാര്‍ ക്വാറന്റൈനിലുമാണ്.