കോട്ടയം: കോട്ടയത്തെ ഹണി ട്രാപ്പ് കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ടു രണ്ടു പേരെ പിടികൂടിയിരുന്നു.
മുടിയൂർക്കര നന്ദനം പ്രവീണ്‍ കുമാർ (34), മലപ്പുറം എടപ്പന തോരക്കാട്ടിൽ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണു പിടിയിലായത്. ഹണിട്രാപ്പ് ആസൂത്രണം ചെയ്ത ഗുണ്ടയുടെ ചങ്ങനാശേരി സ്വദേശിനിയായ കാമുകിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സമാനമായ രീതിയിൽ ഇതേ സംഘം കൂടുതൽ പേരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇവരുടെ ഫോണുകളും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഹണിട്രാപ്പിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെയുള്ളവർ പിടിയിലായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. സമാനമായി രീതിയിൽ മുന്‍പും സംഘം ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ചിങ്ങവനം സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പഴയ സ്വർണം വാങ്ങി വിൽക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈൽ ഫോണിൽ പഴയ സ്വർണം വിൽക്കാനുണ്ടെന്നു പറഞ്ഞ് ദിവസങ്ങൾക്കു മുന്‍പ് ഒരു സ്ത്രീ വിളിച്ചു.
ദിവസങ്ങൾ സംസാരിച്ചതോടെ കോട്ടയത്തു കണ്ടുമുട്ടാമെന്ന ധാരണയിൽ കളക്ടറേറ്റിനു സമീപത്തുള്ള അപ്പാർട്ട്മെന്റിൽ സ്്ത്രീയെ കാണാനെത്തി.അപ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന മറ്റുള്ളവർ ഇയാൾ എത്തിയതോടെയാണ് പുറത്തുവന്നത്.
തുടർന്നു ബിസിനസുകാരനെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പിന്നീടാണ് നഗ്നനാക്കി വിവസ്ത്രയായ സ്ത്രീയോടൊപ്പമിരുത്തി ഫോട്ടോയെടുപ്പിക്കുകയും ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് നഗരത്തിലെ ക്രിമിനൽ സംഘങ്ങളിൽ ഉൾപ്പെട്ട ഒരാളെ ഇവർ തന്നെ വിളിച്ചു വരുത്തുകയും ഇയാളുടെ മധ്യസ്ഥതയിൽ രണ്ടുലക്ഷം രൂപയ്ക്കു കാര്യങ്ങൾ സെറ്റിൽ ചെയ്യുന്നതായി ഭാവിച്ചു. മോചിപ്പിക്കപ്പെട്ട ബിസിനസുകാരൻ വീട്ടിലെത്തി സ്വർണം പണയം വച്ചു ക്രിമിനലായ വ്യക്തിക്കു കൈമാറി.
തുടർന്നു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു ചിങ്ങവനം സ്വദേശി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
തട്ടിപ്പ്് സംഘം ഇവരുടെ തന്നെ സംഘാംഗമായ സ്ത്രീയെ ഉപയോഗിച്ച് വ്യാപാരിയെ ഫോണിൽ ബന്ധപ്പെടുത്തി ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുകയും അവർ തയാറാക്കിയ നാടകത്തിലെ തിരക്കഥയ്ക്ക് അനുസരിച്ച് ക്രിമിനലായ വ്യക്തിയെ രക്ഷിക്കാൻ എത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഹണി ട്രാപ്പിലൂടെ പണം തട്ടുന്ന ക്രിമിനൽ സംഘങ്ങൾ കോട്ടയത്തും വിലസുന്നതായി വിവരം ലഭിച്ചത്. സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെയാണ് പോലീസ് തിരിയുന്നത്.
ഹണി ട്രാപ്പുകാർക്ക് ചീട്ടുകളി മാഫിയയുമായും ബന്ധം
കോട്ടയം: ഹണിട്രാപ്പ്് കേസിൽ കോട്ടയത്ത് പിടിയിലായ രണ്ടു പേരും ചീട്ടുകളി മാഫിയയുമായി അടുത്ത ബന്ധമുള്ളവരെന്ന് പോലീസ്. ജില്ലയിൽ പ്രവർത്തിച്ചിരുന്ന വിവിധ സ്ഥലങ്ങളിലെ ചീട്ടുകളി കേന്ദ്രത്തിൽ മേൽനോട്ടം വഹിക്കുന്നവരിൽ പ്രധാനികളാണ് പിടിയിലായ മുഹമ്മദ് ഹാനീഷും (24), പ്രവീണ്‍ കുമാറും (34).
കോതമംഗലത്തെ ഒരു എൻജിനിയറിംഗ് കോളജിൽ പഠിച്ചിരുന്ന ഹാനീഷിനു ചീട്ടുമേശയിലെ കള്ളക്കള്ളി വിരുത് മനസിലാക്കിയ മാഫിയകളാണ് ഇയാളെ കോട്ടയത്ത് എത്തിച്ചത്.
അടുത്ത കാലത്തായി മണർകാട് ക്രൗണ്‍ ക്ലബിൽ പ്രവർത്തിച്ചിരുന്ന ചീട്ടുകളി കേന്ദ്രത്തിലായിരുന്നു ഹാനീഷുണ്ടായിരുന്നത്. ഹാനീഷിന്റെ സഹായിയായിട്ടാണ് പ്രവീണ്‍ പ്രവർത്തിച്ചിരുന്നത്.
ചീട്ടുകളി ക്ലബിലെ മേൽനോട്ടത്തിന്റെ ഭാഗമായി ഇയാൾക്കു മാസം രണ്ടു ലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നതെന്നും പറയപ്പെടുന്നു.മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിനു പൂട്ടുവീണതോടെയാണ് ഇയാൾ സുഹൃത്തുക്കളെ കൂട്ടി ഹണിട്രാപ്പ് തട്ടിപ്പിലേക്കു കടന്നതെന്നും സൂചനയുണ്ട്.
മലപ്പുറത്ത് പിടിച്ചുപറിക്കേസിൽ പ്രതിയായ ഹാനീഷ് കോട്ടയത്ത് എത്തിയത് ചീട്ടുകളിയിലെ ഗുണ്ടാ സാന്നിധ്യത്തിന്റെ ഭാഗമായിട്ടാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹണിട്രാപ്പ് കേസിൽ പിടികൂടാനുള്ള പ്രതിയാണ് ഹണിട്രാപ്പിനായി ഹാനീഷിനെ ചുമതലപ്പെടുത്തിയത്. ഹാനീഷിന്റെ നേതൃത്വത്തിൽ ചീട്ടുകളിക്കാൻ എത്തിയിരുന്ന വന്പൻമാരെ കള്ളക്കള്ളി കളിച്ചു തോൽപ്പിച്ചിരുന്നു.
ഇതിനായിട്ടാണ് ഗുണ്ടാ സംഘം ഇയാൾക്കു വലിയ തുക നല്‍കിയിരുന്നത്. ഇതിനു പുറമേ താമസ സൗകര്യവും, ഭക്ഷണവും ഗുണ്ടാ സംഘങ്ങൾ നൽകിയിരുന്നതായും പോലീസ് പറഞ്ഞു. ഇവരെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.