കോട്ടയം: കോട്ടയത്ത് വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലാകാനുള്ളതു രണ്ടുപേർ കൂടി.
ഹണിട്രാപ്പ് സംഘത്തിന് ഒത്താശ ചെയ്തു കൊടുത്ത കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും കാസർകോഡ് സ്വദേശിയായ ഹണിട്രാപ്പ് സംഘത്തിൽപ്പെട്ടയാളെയുമാണ് പിടികൂടാനുള്ളത്. ഒളിവിൽ കഴിയുന്ന ഇവരെക്കുറിച്ചു പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറന്പ് കുറ്റ്യാട്ടൂരിൽ മയ്യിൽകരയിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യയും കാസർഗോഡ് സ്വദേശിനിയുമായ ഫസീല (34), കാസർഗോഡ് സ്വദേശികളായ അൻസാർ (23), ഇയാളുടെ ഭാര്യ സുമ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്.
നാളുകൾക്കു മുന്പ് സംഘത്തിൽപ്പെട്ട പ്രവീണ് (സുനാമി), മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കോട്ടയം ജില്ലയ്ക്കു പുറമേ മറ്റു സ്ഥലങ്ങളിലും സംഘം നിരവധി പേരെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തതായിട്ടാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
പണം നഷ്്ടപ്പെട്ടവരിൽ പലരും മാനഹാനി ഭയന്ന് സംഭവം പുറത്തു പറയാനോ കേസ് കൊടുക്കാനോ തയാറാകാത്തതാണ് ഇവരെ കൂടുതൽ പേരെ ഹണിട്രാപ്പിൽപ്പെടുത്തി പണം വാങ്ങാൻ പ്രേരിപ്പിച്ചിരുന്നത്.
കോട്ടയത്ത് തന്നെ മറ്റൊരു സ്വർണ വ്യാപാരിയേയും രാഷ്്ട്രീയ നേതാവിനെയും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തട്ടിപ്പിനിരയായ വ്യാപാരി സംഭവം പോലീസിൽ അറിയിച്ചില്ലായിരുന്നില്ലെങ്കിൽ കൂടുതൽ പേരെ ട്രാപ്പിലാക്കാൻ സംഘം പദ്ധതി തയാറാക്കിയിരുന്നു.
സംസ്ഥാനത്തിന്റെ മലബാർ മേഖലകൾ കേന്ദ്രീകരിച്ചു വിവിധ രീതിയിൽ തട്ടിപ്പുകൾ നടത്തിയിരുന്ന സംഘം കോട്ടയത്ത് എത്തി ഹണിട്രാപ്പുകൾ ആസൂത്രണം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്.
ഹണിട്രാപ്പിൽപ്പെട്ട വ്യാപാരി മണർകാട് പോലീസ് പൂട്ടിച്ച ചീട്ടുകളി കേന്ദ്രത്തിലെ നിത്യ സന്ദർശകനായിരുന്നു. ഇവിടുത്തെ പരിചയം മുതലെടുത്താണ് യുവതി വ്യാപാരിയെ ഫോണിൽ ബന്ധപ്പെട്ടു കെണിയിൽ വീഴ്ത്തിയത്.
സംഘത്തിൽപ്പെട്ട കൂടുതൽ ആളുകൾക്കു ഈ ചീട്ടുകളി കേന്ദ്രത്തിന്റെ സംരക്ഷണം ഒരുക്കിയിരുന്ന ഗുണ്ടാ സംഘത്തിൽപ്പെട്ടവരുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പിടിയിലാകാനുള്ള കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും കണ്ണൂർ സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഹണിട്രാപ്പ് ആസൂത്രണം ചെയ്തപ്പോഴുണ്ടായ പരിചയം മാത്രമേയുള്ളൂവെന്നാണ് സംഘത്തിലുള്ളവർ പോലീസിനു നല്കിയിരിക്കുന്ന മൊഴി. എന്നാൽ ഇതു പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല.
പിടിയിലായ നൗഷാദാണ് സംഘത്തിന്റെ നേതാവ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മലബാർ മേഖലകളിൽ അനധികൃതമായി പണം കൊണ്ടു പോകുന്ന വാഹനങ്ങൾ ആക്രമിച്ച് പണം തട്ടിയെടുക്കുന്നതിൽ പ്രധാനിയായിരുന്നു നൗഷാദ്.
ഇത്തരം തട്ടിപ്പുകൾ നടത്തുന്നതിനു നിരവധി യുവാക്കൾ അടങ്ങുന്ന സംഘവും ഇയാൾക്കുണ്ട്. പണം തട്ടിയെടുത്തശേഷം കർണാടകയിലുള്ള ഒളി സങ്കേതങ്ങളിലേക്കു കടക്കുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ കോട്ടയത്ത് നടത്തിയ ഹണിട്രാപ്പിലുടെ പണമുണ്ടാക്കിയശേഷം ഇയാൾ കണ്ണൂരിലേക്കു കടന്നിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ തലമുണ്ഠനം ചെയ്തശേഷം കർണാടകയിലെ ഒളിസങ്കേതത്തിലേക്കു കടക്കുകയായിരുന്നു.
മുന്പ്് ഒറ്റയ്ക്കു ഒളിസങ്കേതത്തിലേക്കു പോയിരുന്ന നൗഷാദിന് ഇത്തവണ തട്ടിപ്പിനു ഒപ്പമുണ്ടായിരുന്ന മൂന്നാം ഭാര്യ ഫസീല, സുഹൃത്ത് അൻസാർ, ഇയാളുടെ ഭാര്യ സുമ എന്നിവരെയും ഒപ്പം ചേർക്കേണ്ടി വരികയായിരുന്നു.
കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും കർണ്ണാടക സംസ്ഥാനത്തുമായി നൗഷാദിനെതിരെ ഇരുപതിലധികം കവർച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ നൗഷാദ് ഒറ്റ തവണ കവർച്ച ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾക്ക് മൂന്നു ഭാര്യമാരുണ്ട്. ഹവാല പണവും നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ച് അവ കൊണ്ടുപോകുന്ന വാഹനങ്ങൾ വിവിധ റോഡുകളിൽ വച്ചു മുഖംമൂടി ധരിച്ചു സംഘമായി എത്തി ആക്രമിച്ചു പണം തട്ടിയെടുക്കും.
ആദ്യകാലത്ത് ക്വട്ടേഷൻ എടുത്ത് പണം തട്ടുകയായിരുന്നു ചെയ്തിരുന്നത്. പീന്നിടാണ് സംഘമായി ഒറ്റയ്ക്കു പണം തട്ടുന്ന രീതി ആരംഭിച്ചതെന്നും പോലീസ് പറയുന്നു.
നൗഷാദിന്റെ രണ്ടു സഹോദരങ്ങളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥൻ, കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്ഐമാരായ കെ.ആർ. അരുണ്കുമാർ, ഷിബുക്കുട്ടൻ, സൈബർ സെൽ വിദഗ്ധനായ വി.എസ്. മനോജ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.