കോഴിക്കോട് : മാവോയിസ്റ്റുകളെന്ന വ്യാജേന പ്രമുഖ വ്യാപാരികള്‍ക്കും കരാറുകാരനും കത്തയച്ച് പണം തട്ടാന്‍ ശ്രമിച്ചവര്‍ രാഷ്ട്രീയ പ്രമുഖരെ ഇരകളാക്കി. പെണ്കെണിയിലും സ്വവര്ഗബന്ധത്തിലും കുടുക്കി ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്.
കോടികള്‍ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സി-ബ്രാഞ്ചിനു ലഭിച്ച വിവരം. അതേസമയം, ഇരകളായവര്‍ നാണക്കേടോര്‍ത്തു പരാതി നല്കാത്തതിനാല് ഇക്കാര്യത്തില്‍ ഒരന്വേഷണവും പോലീസ് നടത്തില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് കോടിതിയില്‍ പോലും ഹാജരാക്കില്ല.
മുൻ മന്ത്രിമാർ അടക്കംമുന്‍ മന്ത്രിമാരുള്‍പ്പെടെ സംഘത്തിന്റെ ഇരകളായിരുന്നു. വ്യാപാരികള്‍ക്കു ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ ഹബീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മുന്‍ മന്ത്രിയായ വ്യക്തിയുടെ സമീപം രണ്ടു യുവാക്കളെ എത്തിച്ചും കെണിയില്‍ കുരുക്കിയതായാണ് വിവരം.
മന്ത്രിയാകും മുമ്പായിരുന്നു സംഭവം. പിന്നീടു മന്ത്രിപദത്തിലേക്ക് എത്തുമെന്ന ഘട്ടത്തില്‍ ബ്ലാക്ക്മെയിലിംഗ് തുടങ്ങി. ഒരു കോടി രൂപ നല്‍കിയാണ് സംഭവം ഒതുക്കിത്തീര്‍ത്തത്. ഇതില്‍ 15 ലക്ഷം തനിക്കു കിട്ടിയെന്നും ബാക്കി ഇടനിലക്കാര്‍ കൈവശപ്പെടുത്തിയെന്നുമാണ് ഹബീബ് നല്‍കിയിരിക്കുന്ന മൊഴി.
മഞ്ചേരി സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചും കെണിയൊരുക്കി പണം തട്ടിയിരുന്നു. സംസ്ഥാനത്തെ ഉന്നതരെ പലരെയും ഇത്തരത്തില്‍ ലക്ഷ്യമിട്ടിരുന്നതായി ഹബീബ് പോലീസിനോടു വെളിപ്പെടുത്തി .
ഭീഷണിക്കത്ത്
അതേസമയം, രണ്ടാഴ്ച മുമ്പ് നാലുപേര്‍ക്കാണ് വയനാട്ടിലെ ചുണ്ടേല്‍ പോസ്റ്റോഫീസില്നിന്നു ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാള്‍ പ്രമുഖ നേതാവാണ്.
കത്ത് കിട്ടിയിട്ടില്ലെന്നും ഇക്കാര്യം അറിയില്ലെന്നുമാണ് ഇദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാല്‍, ഇദ്ദേഹത്തിന്റെ വീടിനടത്തുള്ള പോസ്റ്റോഫീസില്നിന്നു കത്ത് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.