കല്‍പ്പറ്റ: ഹണി ട്രാപ്പില്‍പ്പെടുത്തി ബത്തേരി സ്വദേശിയില്‍നിന്നു തട്ടിയ അഞ്ച് ലക്ഷം രൂപ തിരികെ നൽകി യുവതി ജാമ്യം നേടി. രാജസ്ഥാന് സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദയിലുള്ള മനീഷ മീണയാണ് (28) ജയ്പുര്‍ കോടതിയില്‍നിന്നു ജാമ്യം നേടിയത്.
വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും കഴിഞ്ഞ ദിവസമാണ് യുവതിയെ ജയ്പുരില്‍നിന്നു അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നഗ്നവീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് യുവതി ബത്തേരി സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയത്.
യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഏഴ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് പിടിയിലായതോടെ യുവാവിനു പണം തിരികെ നൽകാൻ യുവതി തയാറാകുകയായിരുന്നു.
2023 ജൂലൈയിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗപ്പെടുത്തി ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയെ നഗ്നവീഡിയോകോള്‍ ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.