കാസര്‍ഗോഡ്: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ(55) മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ യുവതിയും ഭര്‍ത്താവും മന്ത്രവാദത്തിനു സഹായികളായ രണ്ടു സ്ത്രീകളും അടക്കം നാലുപേര്‍ അറസ്റ്റില്‍.
മധൂര്‍ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), ഭാര്യ ജിന്നുമ്മ എന്നറിയപ്പെടുന്ന ഉദുമ മാങ്ങാട് കൂളിക്കുന്നിലെ കെ.എച്ച്.ഷമീമ (38), മന്ത്രവാദത്തിന്റെ സഹായികളായ പൂച്ചക്കാട്ടെ പി.എം. അസ്നിഫ (34), മധൂര്‍ കൊല്യയിലെ എ. ആയിഷ (40) എന്നിവരെയാണ് ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ക്കെതിരേ കൊലപാതകത്തിനും നാലാം പ്രതിക്കെതിരേ വധശ്രമത്തിനുമാണുകേസെടുത്തിരിക്കുന്നത്. ഇവര്‍ കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ വില്പന നടത്തിയ 29 പവന് സ്വര്‍ണവും കണ്ടെടുത്തു.
- ഹണിട്രാപ്പ്, ജയില്‍വാസം പിന്നെ മന്ത്രവാദം
ഹണിട്രാപ്പിലാണു ഷമീമയുടെ തുടക്കം. 2013ൽ ഷമീമ ചെറുവത്തൂര്‍ സ്വദേശിയായ യുവാവുമായി ഫോണ്‍ വഴി അടുപ്പത്തിലായി. യുവാവിനെ കാസര്‍ഗോട്ടെ ഒരു ലോഡ്ജിലെത്തിക്കുകയും ഭര്‍ത്താവ് ഉബൈസ് ഭീഷണിപ്പെടുത്തി മോതിരവും പഴ്സും വാച്ചും കവരുകയും വിവസ്ത്രനാക്കി ഷമീമയ്ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു.
ഫോട്ടോ പുറത്തുവിടാതിരിക്കണമെങ്കില്‍ 30 ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. യുവാവ് തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളാണു കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.
ഇതേത്തുടര്‍ന്ന് ഷമീമയും ഉബൈസും അറസ്റ്റിലാവുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. പിന്നീട് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പായതോടെ ഇരുവരും ജയില്‍മോചിതരായി. അതിനകംതന്നെ നിരവധിപേര്‍ ഇവരുടെ ഹണിട്രാപ്പ് കുരുക്കില്‍ പെട്ടിരുന്നു. മാനക്കേട് ഭയന്ന് ആരും പരാതി നല്‍കിയില്ല.
പിന്നീട് മന്ത്രവാദത്തിലേക്കു തിരിഞ്ഞ ഷമീമയുടെ വളര്‍ച്ച അതിവേഗമായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ നിരവധി ഭവനങ്ങളില്‍ ആഭിചാരക്രിയകള്‍ നടത്തിയ ഷമീമ ജിന്നുമ്മ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചു.
സ്വര്‍ണം ഇരട്ടിപ്പിക്കല്‍, മന്ത്രവാദം, കൂടോത്രം എന്നിവയൊക്കെയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. പാതിരാത്രിയിലാണ് ഇവര്‍ കര്‍മങ്ങള്‍ നടത്തുക. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഗഫൂറുമായി അടുപ്പം സ്ഥാപിക്കുന്നത്. ഈയത്തകിടില്‍ തീര്‍ത്ത ആഭിചാരത്തകിടിന് ഇവര്‍ ഗഫൂറിന്റെ പക്കല്‍നിന്ന് 55,000 രൂപ ഈടാക്കിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഷമീമ പത്താംക്ലാസില്‍ തോറ്റയാളാണ്. എട്ടാംക്ലാസാണ് ഭര്‍ത്താവ് ഉബൈസിന്റെ വിദ്യാഭ്യാസ യോഗ്യത. അസ്നിഫ നഴ്സറി അധ്യാപക ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആയിഷയുടെ വിദ്യാഭ്യാസയോഗ്യത ആറാംക്ലാസാണ്.
- ഒറ്റദിവസംകൊണ്ട് കാര്‍ ലോണ്‍ അടച്ചുതീര്‍ത്തു!
ഷമീമയും ഭര്‍ത്താവ് ഉബൈസും കാര്‍ സ്വന്തമാക്കിയതും ഹണിട്രാപ്പിലൂടെ. ചട്ടഞ്ചാലിലെ ഒരു ബിസിനസുകാരനെയാണ് ഇവര്‍ കെണിയില്‍ പെടുത്തിയത്. വിവരം പുറത്തുപറയാതിരിക്കാന്‍ പുത്തന്‍ കാര്‍ ആയിരുന്നു ഇവരുടെ ആവശ്യം. നിവൃത്തിയില്ലാതെ ഇയാള്‍ ലോണെടുത്ത് തന്റെ പേരില്‍ മാരുതി ബ്രെസ കാര്‍ വാങ്ങി ഇവര്‍ക്കു നല്‍കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ പാപ്പരായതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് അബ്ദുള്‍ ഗഫൂറിന്റെ മരണത്തിനു തൊട്ടുപിന്നാലെയാണ് വായ്പയായ ഒമ്പതുലക്ഷം രൂപയും ഒറ്റദിവസം കൊണ്ട് ഇവര്‍ അടച്ചുതീര്‍ത്തത്.