മലബാർ മേഖലയിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരനായിരുന്നു 32 വയസുകാരനായ ഫഹദ് (പേര് യഥാർഥ്യമല്ല). സാന്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു തന്നെയായിരുന്നു വിവാഹവും. രണ്ടു കുട്ടികളുമുണ്ട്.
ബിസിനസ് നല്ല നിലയിൽ മെച്ചപ്പെട്ടു വരികയായിരുന്നു. ബിസിനസ് തിരക്കുകളൊക്കെ കഴിഞ്ഞ് പതിവായി രാത്രി പത്തോടെ വീട്ടിലെത്തും.
ഇതിനിടയിൽ ഫോണിലേക്കു വന്ന ചില കോളുകൾ ഫഹദിന്റെ ജീവിതം ആകെ മാറ്റി മറിച്ചു. പതിവായി വന്ന മിസ്ഡ് കോളുകളിലേക്കു തിരിച്ചുവിളിച്ചതാണ് ഫഹദിനു കുരുക്കായത്.
ഒരു നന്പരിൽനിന്നു മിസ്ഡ് കോളുകൾ വന്നതോടെ ആ നന്പരിലേക്ക് ഒരു തവണ തിരിച്ചുവിളിക്കുകയായിരുന്നു. അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം. ആരാണ് സംസാരിക്കുന്നതെന്നായിരുന്നു ചോദ്യം. ഫഹദ് സ്വയം പരിചയപ്പെടുത്തി.
ഈ നന്പരിൽനിന്ന് ഒരു കോൾ കണ്ടു. അതാണ് തിരികെ വിളിച്ചത്. ഉടൻ യുവതി മറ്റൊരാരാളുടെ പേരു പറഞ്ഞിട്ട് ആ ആളാണോ എന്നു ചോദിച്ചു.
അല്ലെന്ന് ഫഹദ് മറുപടി പറഞ്ഞു.സോറി പറഞ്ഞ് ആ സംഭാഷണം അപ്പോൾ മറ്റൊരു സംശയവും ശേഷിപ്പിക്കാതെ തീർന്നു. എന്നാൽ, അതൊരു തുടക്കമായിരുന്നു.
പിന്നെയും ഒന്നു രണ്ടു തവണ തെറ്റിവിളിച്ചതെന്ന മട്ടിൽ യുവതിയുടെ ഫോൺകോൾ വന്നു. ഇടയ്ക്കു ചില മെസേജുകളും. ഇതോടെ ഇരുവരും തമ്മിൽ ചെറിയ പരിചയമായി.
പിന്നീട് അതു സൗഹൃദമായി മാറി. ഫോൺ വിളികൾ പതിവായി. അടുപ്പമായതോടെ യുവതി തന്ത്രപരമായി ഫഹദിനെ കാണാൻ അവസരമൊരുക്കി.
എന്നാൽ, താൻ കെണിയിലാവുകയാണെന്ന് അപ്പോഴൊന്നും ആ യുവാവ് തിരിച്ചറിഞ്ഞില്ല. ഇതിനിടയിൽ യുവവ്യാപാരിയെ ഒരു തട്ടിക്കൊണ്ടുപോയി. 15 ലക്ഷം രൂപ മോചനദ്രവ്യമാണ് പ്രതികൾ ആവശ്യപ്പെട്ടത്.
ഇതേത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള വന്‍ ഹണി ട്രാപ്പ് സംഘമാണ് ഇതെന്നു പോലീസ് തിരിച്ചറിഞ്ഞു.
സംഘത്തിൽ നാലു സ്ത്രീകൾ
ഈ ഹണിട്രാപ് സംഘത്തിൽ നാല് സ്ത്രീകൾ. സ്ത്രീകളാണ് യുവ വ്യാപാരികളെ ഫോൺ വിളിച്ചു ഹണിട്രാപ്പിൽ കുടുക്കുന്നത്.
തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി അജ്മല്‍ (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടിയിലെ കെ.കെ ഫാസില്‍ (26), കുറ്റ്യാടി അടുക്കത്ത് കാക്കോട്ട് ചാലിലെ കെ.സി സുഹൈല്‍ (29), കുറ്റ്യാടിയിലെ കെ.എം റഷീദ് (40), അടുക്കത്ത് നരയംകോട്ട് ബഷീര്‍ (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുറ്റ്യാടി, നാദാപുരം ഭാഗങ്ങളുമായി ബന്ധപ്പെട്ട കുറെ പേരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൊബൈൽ നന്പർ
കാസര്‍ഗോഡ് ചട്ടഞ്ചാലിലെ യുവവ്യാപാരിയെ സ്ത്രീകളെ ഉപയോഗിച്ചു ഫോണ്‍ കെണിയില്‍പെടുത്തി വയനാട് മാനന്തവാടിയിലെത്തിച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി 15ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം പുറത്തായതോടെയാണ് ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയത്. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:
ഹണിട്രാപ്പിനു പിന്നിലുള്ള സംഘം സമ്പന്നരായ ആളുകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഇവരുടെ കൂട്ടാളികളായ സ്ത്രീകള്‍ക്കു നല്‍കും. സ്ത്രീകള്‍ ഈ നമ്പറിലേക്കു പതിവായി മിസ്ഡ് കോള്‍ ചെയ്യും.
പിന്നീടു തിരിച്ചുവിളിക്കുന്നവരുമായി സംസാരിച്ചു ബന്ധം സ്ഥാപിക്കും. ബന്ധം ദൃഢമായാൽ സ്ത്രീകൾ ഒടുവില്‍ ഇവരോട് ഏതെങ്കിലുമൊരു സ്ഥലത്തെത്താന്‍ ആവശ്യപ്പെടും.
അവിടെ ഇവരുടെ സംഘത്തിലുള്ള ഒരാളുടെ വാഹനത്തിലായിരിക്കും യുവതി വരുന്നത്. ഇവരുടെ വാഹനത്തിൽ യുവാവിനെ ഇവർക്കു ബന്ധമുള്ള ഹോട്ടല്‍ മുറികളിലും റിസോര്‍ട്ടുകളിലും എത്തിച്ചു റൂമെടുത്തു നല്‍കും.
പിന്നീടു കിടപ്പറ രംഗങ്ങള്‍ സ്ത്രീകള്‍ രഹസ്യമായി ചിത്രീകരിക്കും. കെണിയില്‍ വീണയാളുടെ എല്ലാ വിവരങ്ങളും ഇവര്‍ ഇതിനകം തന്നെ ചോര്‍ത്തിയെടുക്കുകയും ചെയ്യും. പിന്നീടാണ് മറ്റ് സംഘാംഗങ്ങളെ സ്ത്രീകള്‍ വിവരമറിയിക്കുക.
ഇവര്‍ കൂട്ടത്തോടെയെത്തി കെണിയില്പ്പെട്ടയാളെ മര്‍ദിച്ച് അവശനാക്കി പണവും ആഭരണങ്ങളും കൈക്കലാക്കും. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും വീട്ടിലറിയിക്കുമെന്നും ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും.
കെണിയിൽ നിരവധിപേർ
നിരവധി പേര് ഇത്തരത്തില്‍ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പലരും മാനഹാനി ഭയന്നു പോലീസില്‍ പരാതി നല്കാന് തയാറാകാത്തതാണ് തട്ടിപ്പ് തുടരാൻ കാരണം.
ചീമേനി, നാദാപുരം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ഈ സംഘത്തിനു മൂന്നു വീടുകളുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
സംഘത്തിലെ പുരുഷന്മാര് പലയിടത്തുനിന്നു വിവാഹം കഴിച്ച സ്ത്രീകളെയാണ് ഹണിട്രാപ്പിന് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
യുവവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും വ്യാപാരിയുടെ സുഹൃത്ത് ഒന്നര ലക്ഷം രൂപ നല്‍കിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പയ്യന്നൂരിലെ ഒരു പ്രമുഖനെ കെണിയില്‍പ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയോളമാണ് ഇവർ ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത്.
(തുടരും).