പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയടക്കം ആറു പേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കാക്കനാട് സ്വദേശി ദേവു (24), ഭർത്താവും കണ്ണൂർ സ്വദേശിയുമായ ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണു സംഘം പണവും സ്വർണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വ്യവസായിയിൽനിന്നു കാർ, നാലു പവന്റെ സ്വർണമാല, മൊബൈൽ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയാണു സംഘം തട്ടിയെടുത്തത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്കു നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണു സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്.
കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി യുട്യൂബ് ചാനൽ നടത്തുന്ന ദേവു, ഗോകുൽദീപ് ദന്പതികളെ വാടകയ്ക്ക് എടുത്തു.
പിന്നീട് ദേവു വ്യവസായിക്കു ശബ്ദ സന്ദേശങ്ങളടക്കം അയച്ചു കൊടുക്കുകയായിരുന്നു.ശരത് ചാറ്റ് ചെയ്യുന്പോൾ വ്യവസായിയോട് പാലക്കാടാണ് വീടെന്നു പറഞ്ഞിരുന്നു.
അതിനാലാണ് ആൾത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് ഓണ്‍ലൈനിലൂടെ വാടകയ്ക്ക് എടുത്തത്.യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം.