മധ്യപ്രദേശിലെ വന്പൻമാരിൽ പലരും ഈ സംഘത്തിന്റെ കെണിയിൽപെട്ടു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.
12 ഉന്നത ഉദ്യോഗസ്ഥരും മധ്യപ്രദേശ് സർക്കാരിലെ എട്ടു മുൻ മന്ത്രിമാരും നിരവധി സിനിമാ പ്രവർത്തകരും കുടുങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
യുവതികളുടെ കൂടെ ബിജെപി- കോൺഗ്രസ് നേതാക്കൾ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങളുമായി ഹണിട്രാപ്പ് സംഘം രാഷ്ട്രീയ നേതാക്കളെ സമീപിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ ദൃശ്യങ്ങൾ പ്രചാരണായുധമാക്കാൻ കഴിയുമെന്നു പറഞ്ഞായിരുന്നു ഇവർ ഇടപെട്ടത്. വീഡിയോ ദൃശ്യങ്ങൾ മൊത്തത്തിൽ കൈമാറാൻ 30 കോടിരൂപയാണ് യുവതികൾ ആവശ്യപ്പെട്ടത്.
ഒടുവിൽ ആറുകോടി രൂപയ്ക്കു വീഡിയോകൾ വാങ്ങാമെന്നു രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30 കോടി രൂപ തന്നെ വേണമെന്ന ആവശ്യത്തിലായിരുന്നു സംഘം.
വിലപേശൽ
വീഡിയോകൾ മൊത്തത്തിലെടുക്കാൻ ആരും തയാറാകാഞ്ഞതിനാൽ ഒടുവിൽ കുറച്ചെണ്ണം ചില രാഷ്ട്രീയക്കാർക്ക് ഏതാനും കോടികൾക്കു വില്ക്കുകയും ചെയ്തു.
രാഷ്ട്രീയ പാർട്ടികളും നേതാക്കളും പരസ്പരം ചെളിവാരിയെറിയാൻ തക്കംപാർത്തിരിക്കുന്ന സമയമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന് അവസരം കിട്ടുമെന്നായിരുന്നു ഹണിട്രാപ്പ് സംഘം കരുതിയിരുന്നത്.
എന്നാൽ, കാശിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ കാര്യമായ നീക്കങ്ങൾ ഒന്നുംതന്നെ സംഘത്തിനു നടത്താൻ സാധിച്ചില്ല. മാത്രമല്ല, മിക്കവാറും എല്ലാ പാർട്ടിയിലെയും നേതാക്കൾ ഇതിനകത്ത് അകപ്പെട്ടതിനാൽ സംഭവം തങ്ങൾക്കിട്ടു തന്നെ
തിരിച്ചടിക്കുമോയെന്ന ആശങ്കയും പല നേതാക്കൾക്കും ഉണ്ടായിരുന്നു. ഇതിനിടെ, കൂടുതൽ വീഡിയോ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതോടെ കച്ചവടം അവതാളത്തിലായി.
ഇടപാടുകൾ നടക്കുന്നത്
ഹണി ട്രാപിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽനിന്നും ലാപ്ടോപിൽനിന്നും ആയിരക്കണക്കിനു ചാറ്റുകളും വീഡിയോ ദൃശ്യങ്ങളുമാണു പോലീസിനു ലഭിച്ചത്.
ഇരകളെ കബളിപ്പിക്കാനായി ഹണി ട്രാപ്പ് സംഘം വ്യത്യസ്ത സ്ഥലങ്ങളാണ് ഇടപാടിനായി തെരഞ്ഞെടുത്തിരുന്നത്. ക്ലബുകൾ, ഹോട്ടലുകൾ, വീടുകൾ, ഫാം ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ, സഞ്ചരിക്കുന്ന ട്രെയിനുകൾ എന്നിവ സംഘം ഇടപാടിനായി തെരഞ്ഞെടുക്കാറുണ്ടെന്നു പ്രതികളിൽനിന്നു പിടിച്ചെടുത്ത ദൃശ്യങ്ങളിലൂടെ പോലീസ് മനസിലാക്കി.
കോളജ് വിദ്യാർഥിനികളും ബോളിവുഡിലെ രണ്ടാം നിര നടിമാരുമെല്ലാം സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രമുഖ കോളേജുകളിൽ അഡ്മിഷൻ ഉൾപ്പെടെ വാദ്ഗാനം ചെയ്താണ് കോളജ് വിദ്യാർഥിനികളെ കെണിയിലേക്ക് ആകർഷിച്ചിരുന്നത്.
അഡ്മിഷൻ വാങ്ങിക്കൊടുക്കുക മാത്രമല്ല ആദ്യ ഘട്ടത്തിൽ അല്പം സാന്പത്തിക സഹായവും നൽകുകയായിരുന്നു ഇവരുടെ രീതി. പിന്നെ പിന്നെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ റാക്കറ്റിന്റെ ഭാഗമാക്കും.
സന്നദ്ധ സേവനവും!
ഹണിട്രാപ്പ് സംഘത്തിനു ചുക്കാൻപിടിച്ച ശ്വേതയ്ക്ക് ഒരു സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന എൻജിഒയും ഉണ്ടായിരുന്നു. ഈ സംഘടനയ്ക്ക് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വഴി കോടികൾ സർക്കാർ ഫണ്ടിൽനിന്നു ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു ഉന്നത വിഐപികളെ ശ്വേത എത്തിച്ചിരുന്നത്. രാഷ്ട്രീയക്കാരെയു ഉന്നത ഉദ്യോഗസ്ഥരെയും പെൺകുട്ടികളെ ഇറക്കി വശീകരിക്കും.
ആഡംബര ക്ലബിലെ അംഗങ്ങളായ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബുക്ക് ചെയ്യുന്ന റൂമിലേക്കു പെൺകുട്ടികളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എല്ലാം നിയന്ത്രിച്ചിരുന്നതു ശ്വേതയായിരുന്നു. അതിനാൽ ഹോട്ടൽ രജിസ്റ്ററുകളിൽ പോലും കൃത്ര്യമം നടന്നിരുന്നു.
സിസിടിവി കാമറ ദൃശ്യങ്ങൾ അടക്കം കാണാതായിരുന്നു. രാഷ്ട്രീയക്കാരിൽനിന്നുള്ള പണവും സമ്മാനങ്ങളുംകൊണ്ടു ശ്വേതയും കൂട്ടരും നേടിയെടുത്തു കോടികളുടെ സ്വത്തായിരുന്നു.
പബ്ലിക് റിലേഷൻസ്, നഗരവികസനം, കൃഷി വനം, സാംസ്കാരികം, ജലവിഭവം, തൊഴിൽ തുടങ്ങിയ സർക്കാർ വകുപ്പുകളിലെ കരാറുകൾക്കു വേണ്ടിയാണ് ഇടനിലക്കാരിയായി ശ്വേത ഇടപെട്ടത്.
ദൃശ്യങ്ങൾ ലീക്കാതെ..
ഹണിട്രാപ്പിൽ കുരുങ്ങിയ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങൾ ലീക്കാതെ നോക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അവർ അതു ഭംഗിയായി കൈകാര്യം ചെയ്യുകയുംചെയ്തു.
അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ പിടിച്ചെടുത്ത മൊബൈൽ ഫോണിലുള്ള ദൃശ്യങ്ങൾ തന്റെ ഫോണിലേക്കു പകർത്താൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനെ കൈയോടെ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ നടപടിയുണ്ടായി.
അന്വേഷണ ഏജൻസിയായ എസ്ഐടിയുടെ അന്വേഷണത്തിൽ കേസിലെ നിർണായക തെളിവായ ഡയറിയും കണ്ടെടുത്തിരുന്നു. രാഷ്ട്രീയ ഉന്നതരുടെയും എംപിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകൾ ഡയറിയിൽ കണ്ടതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.
നേരത്തെ ലഭിച്ച നാലായിരത്തോളം ഡിജിറ്റൽ ഫയലുകളും അന്വേഷണ സംഘം പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്. രാജ്യത്തിലെതന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായിരുന്നു മധ്യപ്രദേശിലേത്.
ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ അവസാനിച്ചിട്ടില്ല. സാന്പത്തിക നേട്ടം ലക്ഷ്യമിട്ടു ഭരണസംവിധാനങ്ങളെ ദുരുപയോഗിച്ച, രാജ്യത്തെ ഏറ്റവും വലിയ ഹണിട്രാപ്പായിരുന്നു മധ്യപ്രദേശിലേത്.
(തുടരും)
തയാറാക്കിയത്: റെൻ