ചാത്തന്നൂർ: വയോധികനായ മുൻ സർവകലാശാല ജീവനക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ സീരിയൽ നടിയെയും ആൺ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സമാന സ്വഭാവത്തിലുള്ള സംഭവങ്ങൾ ഇവർ നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വയോധികനുമായി ബന്ധപ്പെട്ട സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വിമുക്തഭടനും മുൻ കേരള സർവകലാശാല ജീവനക്കാരനുമായ പരവൂർ സ്വദേശിയായ 75 കാരനിൽനിന്ന് സീരിയൽ നടിയും സുഹൃത്തും ചേർന്ന് 11 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്.
സീരിയൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ (32) , പരവൂർ കലയ്ക്കോട് ശിവനന്ദനത്തിൽ ബിനു (48) എന്നിവരാണ് റിമാൻഡിലുള്ളത്. നിത്യ നിയമ ബിരുദധാരിയും വിവാഹ ബന്ധം വേർപ്പെടുത്തിയ വ്യക്തിയുമാണ്.
ബിനു വയോധികന്റെ അടുത്ത ബന്ധുവുമാണ്.ഇരയായ 75 കാരന്റെ പട്ടത്തെ വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് നിത്യ ഇയാളുമായി ഫോണിൽ ബന്ധപ്പെടുന്നത്.
ഫോൺ ബന്ധം നിരന്തരം തുടരുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് വാടകയ്ക്ക് എടുക്കുന്ന വീട്ടിൽ ഇവർ എത്തുകയും.
ഇരയായ വയോധികനെ വിളിച്ചുവരുത്തുകയുമായിരുന്നു. വീട്ടിൽ വച്ച് ഇയാളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിക്കുകയും പ്രതിയുംസീരിയൽ താരവുമായ നിത്യ വസ്ത്രങ്ങൾ സ്വയം മാറ്റിയ ശേഷം നിൽക്കുന്നതിനിടയിൽ ആൺ സുഹൃത്തായ ബിനു സ്ഥലത്തെത്തി ഇരുവരുടെയും ചിത്രങ്ങൾ പകർത്തി.
ശേഷം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും 11 ലക്ഷം വയോധികൻ നല്കുകയും ചെയ്തു.
വീണ്ടും പണം ആവശ്യപ്പെട്ട് ഇയാളെ ശല്യപ്പെടുത്തിയപ്പോൾ കഴിഞ്ഞ 18 -ന് പരവൂർ പോലീസിൽ പരാതി നല്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഏഴ് വർഷം മുമ്പ് ഭാര്യ മരണപ്പെട്ടു. വയോധികൻ ഒറ്റയ്ക്കാണ് താമസം. മക്കളില്ല. സമ്പന്നനുമാണ്, ഊന്നിൻ മൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്ന ബിനുവും നിത്യയും പരിചയക്കാരും സുഹൃത്തുക്കളുമാണ്. ബിനു മുഖേനയാണ് നിത്യ വയോധികനെ പരിചയപ്പെടുന്നതും അടുപ്പം കൂടുന്നതും.