കൊടുങ്ങല്ലൂർ: ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ യുവാവിനെ കബളിപ്പിച്ചു വാങ്ങിയ പണം തിരികെതരാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തി ബന്ദിയാക്കി ഫോട്ടോയും വീഡിയോയും പകർത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണെ(27)യാണ് കൊടുങ്ങല്ലൂർ സിഐ പി.കെ. പത്മരാജനും സംഘവും അറസ്റ്റുചെയ്തത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ സംഭവത്തിനിരയായ കണ്ണൂർ സ്വദേശിയുടെ പരാതിയെത്തുടർന്ന് രണ്ടു യുവതികൾ ഉൾപ്പടെയുള്ള സംഘത്തെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നീടാണ് തൃശൂർ സ്വദേശി പരാതിയുമായി രംഗത്തെത്തിയത്.