തിരുവനന്തപുരം: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച് സ്വർണാഭരണങ്ങളും പണവും രേഖകളും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചിൻ(സച്ചു,23)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിയാണെന്ന് വിശ്വസിപ്പിച്ച് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പ്രതികൾ കഴിഞ്ഞ ദിവസം നേരിൽ കാണാനായി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തി.
കാറിലെത്തിയയുവാവിനെ സച്ചിനും സംഘവും ചേർന്ന് ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16000 രൂപ, ആർസി ബുക്കിന്റെയും വാഹന ഇൻഷ്വറൻസിന്റെയും രേഖകൾ തട്ടിയെടുത്തു.
തുടർന്ന് യുവാവിനെ മർദിച്ച് നഗ്നവീഡിയോ ചിത്രീകരിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാൽ നഗ്ന വീഡിയോ പുറത്ത് വിടുമെന്നും തങ്ങൾ ആവശ്യപ്പെടുന്പോൾ പണം നൽകണമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിനുശേഷം വീട്ടിലേക്ക് പോയ യുവാവിന്റെ ഫോണിലേക്ക് പ്രതികൾ വിളിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.തുടർന്ന് യുവാവ് ഫോർട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ നാല് പേർ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിയുടെ നിർദേശാനുസരണം ഫോർട്ട് സിഐ രാകേഷ്, എസ്ഐമാരായ സജു ഏബ്രഹാം, ദിനേശൻ, സിപിഒമാരായ സാബു, പ്രബൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.