
കോട്ടയം: മധ്യകേരളത്തിൽ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിനു കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ പിടിയിലായ ഹണിട്രാപ്പ് സംഘവുമായി ബന്ധമുണ്ടോയെന്ന അന്വേഷണം നടത്തുകയാണ് പോലീസ് സംഘം.
കൊച്ചിയിൽ ഹണിട്രാപ്പ് ഉൾപ്പെടെയുള്ള വിവിധ തട്ടിപ്പ് സംഘങ്ങളുടെ നേതാക്കളായി പ്രവർത്തിക്കുന്ന അങ്കിളുമാർക്ക് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് അഞ്ചു പേരെ പോലീസ് പിടികൂടിയത്.
ഒന്പതംഗ സംഘമാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതിൽ നിന്നും അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ ഒളിവിലാണ്.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി ഈ സ്ഥാപനത്തിന്റെ ഉടമയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സ്ഥാപനത്തിന്റെ ഉടമ എത്തിയയുടൻ മുറിയിൽ ഒളിച്ചിരുന്ന സംഘത്തിലുള്ളവർ ഇയാളെയും യുവതിയെയും ചേർത്ത് നിർത്തി നഗ്നചിത്രങ്ങൾ പകർത്തിയശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു സ്ഥാപന ഉടമയുടെ കാർ തട്ടിയെടുക്കുകയും എടിഎം കാർഡ് ഉപയോഗിച്ചു 35,000 പിൻവലിക്കുകയും ചെയ്തു.
പിടയിലായവർ മുന്പും സമാനമായ രീതിയിൽ ഹണിട്രാപ്പ് കേസുകളിലും മറ്റു തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇവർക്കു കോട്ടയം ജില്ലയിലെ ഹണിട്രാപ്പുകാരുമായും അങ്കിളുമാർ നേതൃത്വം നല്കുന്ന തട്ടിപ്പ് സംഘങ്ങളുമായും ബന്ധമുണ്ടോയെന്നും പോലീസ് സംഘം വിശദമായി അന്വേഷണം നടത്തുന്നു.
ഇവരിൽ ആർക്കെങ്കിലും മധ്യകേരളത്തിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെങ്കിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന പോലീസ് സംഘത്തിനു സഹായകമാകും.
ഒന്പതംഗം സംഘം ഒറ്റയ്ക്കു ഹണിട്രാപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള സാധ്യക കുറവാണെന്നാണ് പോലീസിന്റെ കണക്കൂട്ടൽ. ഇവർക്ക് അങ്കിളുമാർ ഉൾപ്പെടുന്ന വൻ റാക്കറ്റിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ.
കഴിഞ്ഞ ദിവസം കണ്ടെത്തിയ തട്ടിപ്പുകാരിയായ കൊല്ലം ജില്ലയിലെ ഹോം നഴ്സിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇവർ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും യുവതി രക്ഷപ്പെട്ടിരുന്നു.
ഇവിടെ നീനുവെന്ന പേരിലാണ് യുവതി അറിയപ്പെട്ടിരുന്നത്. പരിചയക്കാർ വഴി യുവതി പല വീടുകളിലും ഹോം നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
പോലീസ് യുവതിയെ തിരിച്ചറിഞ്ഞതായി മനസിലാക്കിയ ഇവർക്കു ഒളിവിൽ കഴിയാനും രക്ഷപ്പെടാനും വഴിയൊരുക്കിയാളെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്ന യുവതിക്കു മുഴുവൻ സഹായങ്ങളും നല്കുന്നതു അങ്കിളുമാർ നേതൃത്വം നല്കുന്ന ചില ഗുണ്ടാ സംഘങ്ങളാണ്.
കോട്ടയത്ത് വ്യാപാരിയെ ഹണിട്രാപ്പിൽ ഉൾപ്പെടുത്തിയ ഗുണ്ടയെയും ചിത്രങ്ങൾ എടുക്കാൻ ഒപ്പമിരുന്ന യുവതിയെയും പോലീസ് തെരയുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹണിട്രാപ്പും വിവാഹ വാഗ്ദാന തട്ടിപ്പുകൾ നടത്തുന്ന എല്ലാവരും മധ്യകേരളത്തിലെ അങ്കിളുമാർ നേതൃത്വം നല്കുന്ന സംഘവുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
നാളുകൾക്കു മുന്പു കൊച്ചി കേന്ദ്രീകരിച്ചു നടന്ന ഹണിട്രാപ്പ് കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
ഇവരിൽ ചിലർക്ക് കോട്ടയത്തെ ഹണിട്രാപ്പ് ആസൂത്രണം ചെയ്ത സംഘത്തിൽപ്പെട്ടവരുമായി സൗഹൃദമുണ്ട്. ഇവരുടെ സഹായവും കോട്ടയത്തെ സംഘത്തിനു ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.