കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ചവശനാക്കി പണവും സ്വർണവും കവർന്ന കൊല്ലം സ്വദേശിനിക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈക്കം സ്വദേശിയായ 34 കാരനെ യുവതി മൂന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഹണിട്രാപ്പിന് ഇരയാക്കിയത്.
ക്രൂര മർദനം
സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് ഇവരുമായി പരിചയത്തിലായത്. തുടർന്ന് ഫോണ് വിളിയായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തി.
205-ാം നന്പർ മുറിയിലെത്തിയ യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു.
തുടർന്ന് ഒന്നേകാൽ പവന്റെ മാലയും ഒരുപവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി.
ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പ്രതികൾ മുങ്ങുകയായിരുന്നു.
ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് കഴിഞ്ഞ 13-ന് യുവാവ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി.
സിസിടിവിയിൽ?
യുവാവിനെ കൊല്ലം സ്വദേശിനി വിളിച്ച നന്പർ കേന്ദ്രീകരിച്ചും പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വഴിയുമാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുകയാണ്. പ്രതികൾ സമാനരീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.