കൊച്ചി: സംസ്ഥാനത്ത് അറിഞ്ഞും അറിയാതെയുമൊക്കെ ഹണിട്രാപ്പില്പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അപരിചിതരുടെ വാട്സാപ്പ് വീഡിയോ കോള്‍ ട്രാപ് ആകുമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.
നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്നാണ് പോലീസ് നിര്‍ദേശം.
നമ്മള് കോള്‍ എടുത്താലുടന്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്തേക്കാം.
ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യത ഏറെയാണ്. വിളിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും.
അതുകൊണ്ടുതന്നെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പണം ചോദിക്കുന്നതിനൊപ്പം സമ്മര്‍ദത്തിനായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇത് അയച്ചുകൊടുക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇത്തരം കേസുകള്‍ ഇപ്പോള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തട്ടിപ്പിന് ഇരയായ ഒരു വിഭാഗം മാനക്കേട് ഭയന്ന് പരാതിപ്പെടാൻ മുതിരാറില്ലെന്നതാണ് വാസ്തവം.
ഗോള്‍ഡന്‍ അവറിൽതന്നെ ‘1930’ലേക്ക് അറിയിക്കണം
ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ്. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നതാണ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി.
ഇനി തട്ടിപ്പില്‍ പെട്ടുപോയാല്‍ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ഒരു മണിക്കൂറിനകം (ഗോള്‍ഡന്‍ അവര്‍) 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണം. എത്രയും വേഗം വിവരമറിയിക്കുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
സ്വന്തം ലേഖിക