കണ്ണൂർ സ്വദേശിയായ എൻജിനിയർ വാട്സാപ്പ് വഴിയായിരുന്നു അവളെ പരിചയപ്പെട്ടത്. അജ്ഞാത നന്പരിൽനിന്നു വന്ന ഗുഡ്മോണിംഗ് സന്ദേശത്തിനു മറുപടി പറഞ്ഞു തുടങ്ങിയ പരിചയം ചെന്നെത്തിച്ചത് ഊരാക്കുടുക്കിലായിരുന്നു.
നല്ല രീതിയിൽ ഇവരുടെ ബന്ധം തുടരുന്നതിനിടയിലാണ് പെൺ സുഹൃത്തിന്റെ വാട്സാപ്പ് ഡിപിയിൽ മറ്റൊരു പെണ്ണിനെ കാണുന്നത്. ഉടൻ എൻജിനിയർ ചോദിച്ചു.
ഈ സുഹൃത്തിനെ എനിക്കു പരിചയപ്പെടുത്തി തരാമോയെന്ന്. വെറുതെ പരിചയപ്പെടുത്തി തരില്ലെന്നായി വനിതാ സുഹൃത്ത്. പിന്നെ എന്തു വേണമെന്നായി എൻജിനിയർ.
ഒരു പതിനായിരം തന്നാൽ പരിചയപ്പെടുത്തി തരാമെന്നും ഫോൺ നന്പർ തരാമെന്നും പറഞ്ഞതോടെ എൻജിനിയർ ആദ്യമൊന്നു അന്പരന്നെങ്കിലും വൈകാതെ ആ പ്രലോഭനത്തിൽ വീണു. ഒന്നും നോക്കിയില്ല…നേരെ വച്ചു പിടിച്ചു ആ ഫ്ളാറ്റിലേക്ക്….
ഡിപി കാണിച്ചുവശീകരിച്ചു
കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറെ ഹണിട്രാപ്പില്‍ കുരുക്കി മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് വയനാട് വൈത്തിരി സ്വദേശിനി നസീമയും സഹായിയായ ചാവക്കാട്ടെ അക്ബർ ഷായും പിടിയിലായത്.
പോലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരവധിപേർ ഇവരുടെ കെണിയിൽപ്പെട്ടതായും വിവരം ലഭിച്ചിരുന്നു.
നസീമയുടെ സുഹൃത്തായ ഷെമീനയുടെ ഫോട്ടോ കാണിച്ചു പ്രലോഭിപ്പിച്ചാണ് കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറെ ഇവര്‍ കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിൽ എത്തിച്ചത്. വാട്സാപ്പ് വഴിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറും നസീമയും പരിചയപ്പെടുന്നത്.
ഇതിനിടെയാണ് വാട്സാപ്പ് ഡിപിയില്‍ മറ്റൊരു യുവതിയുടെ കൂടി ചിത്രം എൻജിനിയറുടെ ശ്രദ്ധയില്‍ പെട്ടത്. നസീമയുടെ വാഗ്ദാനത്തില്‍ മയങ്ങിയാണ് എന്‍ജിനിയര്‍ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ എത്തിയത്.
അവിടെ വച്ചു സദാചാര പോലീസുകാര്‍ എന്ന വ്യാജേന അക്ബർ ഷായും സംഘവും യുവാവിനെ ആക്രമിച്ചു. മൂന്നു ലക്ഷം രൂപ നല്‍കാം എന്ന ഉറപ്പിലാണ് പിന്നീട് ഇയാളെ വിട്ടയച്ചത്. എന്നാല്‍, അവിടെനിന്നു രക്ഷപ്പെട്ട യുവാവ് നേരെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
ഷെമീനയെ കാണിച്ച് എന്ജിനിയറില്നിന്നു പണം തട്ടാനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്ക്. ഇത് ആദ്യമായിട്ടല്ല നസീമ, ഷെമീനയെ ഉപയോഗിച്ചു തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസ് നല്കുന്ന വിവരം.
സംഭവത്തിനു ശേഷം അക്രമിസംഘത്തോടൊപ്പം നസീമ കാറില്‍ കയറി പോയതാണു വഴിത്തിരിവായത്. ഇതോടെ എന്‍ജിനിയര്‍ക്കു തട്ടിപ്പ് പിടികിട്ടി. തുടർന്നാണ് പോലീസിനെ സമീപിച്ചത്.
ഹണിട്രാപ്പിലെ മുഖ്യപ്രതിയായ നസീമ മുമ്പ് ഖത്തറിലായിരുന്നു ചെയ്തിരുന്നത്. അവിടെനിന്ന് അനാശാസ്യത്തിന് ഇവര്‍ പിടിയിലായിട്ടുണ്ടെന്നാണു പോലീസ് പുറത്തു വിടുന്ന വിവരം.
അന്ന് അക്ബര്‍ ആയിരുന്നത്രെ ഇവരെ ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ സഹായിച്ചത്. ഖത്തറില്‍ വിലക്കു വീണതോടെ നസീമ ബഹ്റൈനിലേക്കു പോയി. അവിടെ വച്ചാണ് ഷെമീനയെ പരിചയപ്പെടുന്നത്. ഷെമീനയുടെ ചിത്രം ഉപയോഗിച്ചു നസീമ പലരെയും പറ്റിച്ചിട്ടുണ്ട്.
അനാശാസ്യത്തിൽ കുടുക്കും
ഉടൻ തിരികെ നല്‍കാമെന്നു പറഞ്ഞു പണം കടം വാങ്ങുകയും തിരികെ വാങ്ങാൻ എത്തുന്പോൾ അനാശാസ്യത്തിൽ കുടുക്കുകയുമായി ഇവരുടെ മറ്റൊരു തട്ടിപ്പ്.
ഷെമീനയെ ഉപയോഗിച്ചായിരുന്നു ഈ ഓപ്പറേഷനും. തൃശൂർ സ്വദേശിയായ യുവാവ് ഒല്ലൂർ സ്വദേശിയായ യുവാവിന് ഒരു ലക്ഷത്തോളം രൂപ കടമായി നല്‍കിയിരുന്നു.
ഒരാഴ്ചത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ കൊടുങ്ങല്ലൂരുള്ള അപ്പാർട്ട്മെന്റിൽ എത്താൻ പറഞ്ഞു വിലാസം കൈമാറുകയായിരുന്നു.
അപ്പാർട്ട്മെന്റിൽ എത്തിയ യുവാവിനെ സ്വീകരിച്ച് ഇരുത്തി. വൈകാതെ ഷെമീന രംഗപ്രവേശം ചെയ്തു. തുടർന്ന് ഒരു സംഘം യുവാക്കളും അപ്പാർട്ട്മെന്റിലേക്കെത്തി. പിന്നെ യുവാവിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ യുവാവിന്റെ ശരീരത്തിലെ വസ്ത്രങ്ങളും അഴിച്ചെടുത്തി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന യുവതികൾക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടർന്ന് യുവാവിനോട് ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പ്രധാന ആസൂത്രകർ ഷെമീനയും അക്ബറും തന്നെയായിരുന്നു.
(തുടരും)
തയാറാക്കിയത്: റെൻ