ആലുവ: കാലടി മഞ്ഞപ്രയിൽ അറുപതു വയസുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി മർദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ. അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ(25)നെയാണ് റൂറൽ എസ്പി കെ. കാർത്തികിന്റെ നിർദേശപ്രകാരം കാലടി പോലിസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പിൽപ്പെടുത്തി മർദിച്ച് പണം തട്ടാൻ ഇയാളും സംഘവും ശ്രമിച്ചത്. വിളിച്ചുവരുത്തി പത്ത് ലക്ഷം രൂപയാണ് സെക്സ് റാക്കറ്റ് ആവശ്യപ്പെട്ടത്. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോഴായിരുന്നു മർദനം.
കാപ്പാ ഗുണ്ടാ നിയമപ്രകാരം ജയിൽവാസം കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ നിഖിൽ തന്റെ വിശ്വസ്തയായ യുവതിയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പൊരുക്കിയത്. ഇതിനായി നാട്ടിലെ പണക്കാരനായ ഒരാളെ നിഖിൽ റാക്കറ്റിലെ ഈ യുവതിയുമായി ചങ്ങാത്തത്തിലാക്കുകയായിരുന്നു.
സൗഹൃദയത്തിലായ ഇരുവരും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങളും സംഭാഷണങ്ങളും പരസ്പരം കൈമാറി. ഈ അശ്ലീല രംഗങ്ങളുടെ പേരിലായിരുന്നു പിന്നീട് ഭീഷണി. ചതി തിരിച്ചറിഞ്ഞ അറുപതുകാരൻ പണം കൊടുത്ത് ഒതുക്കാൻ ശ്രമം നടത്തിയെങ്കിലും ആവശ്യപ്പെട്ട തുക താങ്ങാവുന്നതിലധികമായിരുന്നു.
ഇതിനിടയിൽ ഒത്തുതീർപ്പിലാക്കാൻ വിളിച്ചു വരുത്തിയ നിഖിലിന്റെ നേതൃത്വത്തിലുള്ള സെക്സ് റാക്കറ്റ് ഇയാളെ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്നാണ് ഗത്യന്തരമില്ലാതെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ നിഖിലിനെ പോലീസ് തന്ത്രത്തിൽ കുടുക്കുകയായിരുന്നു.
കാലടി ഇൻസ്പെക്ടർ ബി. സന്തോഷ്, എസ്ഐമാരായ ഡേവിസ്, സതീഷ്, എഎസ്ഐ അബ്ദുൾ സത്താർ, എസ്സിപിഒമാരായ അനിൽകുമാർ, ഇഗ്നേഷ്യസ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയടക്കം റാക്കറ്റിലെ മുഴുവൻ കണ്ണികളും ഉടൻ പിടിയിലാകുമെന്ന് എസ്പി കെ. കാർത്തിക്ക് രാഷ്ട്രദീപികയോട് പറഞ്ഞു.