കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോളിനെതിരായ പരാതിയിൽ കഴന്പുണ്ടെന്ന് പോലീസ്. പരാതിക്ക് അടിസ്ഥാനമായ “ഹണിബീ 2’ എന്ന സിനിമയുടെ സെൻസർ കോപ്പി പരിശോധിച്ചതിനുശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. പരാതിക്കാരിയായ നടിയുടെ ദൃശ്യങ്ങളിൽ ബോഡി ഡബിൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയ യുവനടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഹണി ബീ 2 സിനിമാ ഷൂട്ടിംഗിന്റെ തുടക്കത്തിൽ നടിയെ അഭിനയിപ്പിക്കുകയും പിന്നീട് ഇവരെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയശേക്ഷം നടിയുടെ കഥാപാത്രത്തിന്റെ ബാക്കിഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ചാണു ചിത്രീകരിച്ചത്.
സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റൻറ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരേ നടി പോലീസിൽ പരാതി നൽകിയത്. സിനിമ കണ്ടശേഷം ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണു തന്റെ കഥാപാത്രത്തെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ച കാര്യം മനസിലായതെന്നു നടി പറഞ്ഞു. തന്നോടു ചോദിക്കാതെ ഡ്യൂപ്പിനെ ഉപയോഗിക്കുകയും പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലമായി സംസാരിക്കുകയും ചെയ്തതിനാണു പരാതി നൽകിയതെന്നും നടി വ്യക്തമാക്കി.
യുവനടൻ ശ്രീനാഥ് ഭാസിയുടെ പേരു പരാതി നൽകിയപ്പോൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും മൊഴിയിൽ നടന്റെ പേര് നടി പരാമർശിച്ചില്ല. ജീൻപോൾ, ശ്രീനാഥ് ഭാസി എന്നിവർക്കു പുറമെ അസിസ്റ്റൻറ് ഡയറക്ടർ അനിരുദ്ധ്, അണിയറ പ്രവർത്തകൻ അനൂപ് എന്നിവർക്കെതിരേയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.