കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെ നാലു പേർക്കെതിരേ യുവനടി നൽകിയ പരാതിയിൽ ഹണീ ബീ ടു എന്ന സിനിമയുടെ സെൻസർ കോപ്പി പരിശോധിക്കും. അണിയറ പ്രവർത്തകർ സെൻസർ ബോർഡിനു നൽകിയ കോപ്പി പരിശോധിക്കുന്നതോടെ ഡ്യൂപ്പിനെ ഉപയോഗിച്ചു അനുവാദമില്ലാതെ തന്റെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നുള്ള നടിയുടെ പരാതിയിൽ വ്യക്തത വരും.
സിനിമയുടെ റിലീസ് ചെയ്ത കോപ്പി ഉടൻ പരിശോധിക്കുമെന്നും സെൻസർ കോപ്പി ലഭിക്കുന്നതിനായി സെൻസർ ബോർഡിനെ സമീപ്പിച്ചിട്ടുണ്ടെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു. ആവശ്യമെങ്കിൽ മാത്രമേ സെൻസർ കോപ്പി പരിശോധിക്കുകയുള്ളുവെന്നും നടിയുടെ വിശദമായ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ പ്രാഥമികമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ 11ന് പരാതിക്കാരിയായ നടിയെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫീസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ പരാതിയിൽ കഴന്പുണ്ടോയെന്നറിയാനാണു വിശദമായി നടിയുടെ മൊഴിയെടുത്തത്. മാസങ്ങൾക്കു മുൻപ് ഷൂട്ടിംഗ് പൂർത്തിയാവുകയും റിലീസ് ചെയ്യുകയും ചെയ്ത ഹണീ ബീ ടു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നടി പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയും കാലതാമസമെടുത്തതു സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കാനാണു പോലീസ് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
സിനിമ കണ്ട ശേഷം ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് തന്റെ കഥാപാത്രം ഡ്യൂപ് ഉപയോഗിച്ച ചിത്രീകരിച്ച കാര്യം മനസിലായത്. പ്രതിഫലം നൽകാതിരിക്കുകയും തന്നോടു ചോദിക്കാതെ ഡ്യൂപിനെ ഉപോയഗിച്ചതുമാണ് പരാതി നൽകാനുള്ള കാരണമായും നടി പറഞ്ഞത്. പ്രതിഫലം ചോദിച്ചപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലമായി സംസാരിച്ചെന്നും നടി പോലീസിനോടു വ്യക്തമാക്കി. പോലീസ് ഇപ്പോൾ നടത്തുന്ന പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം ആരോപണ വിധേയരായ ജീൻ പോളടക്കമുള്ളവരെ വിളിച്ചു വരുത്തും.
യുവനടൻ ശ്രീനാഥ് ഭാസിയുടെ പേരു പരാതി നൽകിയപ്പോൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും വിശദമായ മൊഴിയിൽ നടന്റെ പേര് പരാമർശിച്ചിട്ടില്ല. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാലടക്കമുള്ളവർക്കെതിരേ നടി പോലീസിൽ പരാതി നൽകിയത്. സംവിധായകൻ ജീൻപോളിനെ കൂടാതെ ഹണീ ബീ ടുവിൽ യുവ നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനായിരുന്ന അനൂപ് എന്നിവർക്കെതിരേയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുവാദമില്ലാതെ ഡ്യൂപ് ഉപയോഗിച്ചതായും പരാതിയിൽ പറയുന്നുണ്ട്.