കേരളത്തില്‍ തേന്‍കാലം ആരംഭിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഞൊടിയല്‍ അഥവാ ഇന്ത്യന്‍ തേനീച്ചയ്ക്ക് മൂന്നു കാലങ്ങളാണുള്ളത്.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വളര്‍ച്ചാകാലം, ജനുവരി മുതല്‍ മേയ് വരെ തേന്‍ കാലം, മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്ഷാമകാലം എന്നിങ്ങനെയാണത്.
വളര്‍ച്ചാകാലത്ത് റാണി ഈച്ചയുടെ പ്രകൃതിദത്തപ്രജനന ശേഷി പ്രയോജനപ്പെടുത്തി കൂടുകള്‍ പിരിച്ച് എണ്ണം വര്‍ധിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കര്‍ഷകര്‍. ഇനി ഏറ്റവും മികച്ച കൊയ്ത്താണ് തേനീച്ച കര്‍ഷകരുടെ ലക്ഷ്യം.
തേന്‍കാലം ആരംഭിക്കാനിരിക്കെ മെച്ചപ്പെട്ട തോതില്‍ തേന്‍ ശേഖരിക്കാന്‍ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്.
മുന്‍കാലങ്ങളില്‍ ഞൊടിയല്‍ തേനീച്ച കൂടൊന്നിന് രണ്ടുമൂന്നു കിലോ തേന്‍ കിട്ടിയിരുന്നിടത്ത് 10 – 20 കിലോ തേന്‍ ലഭ്യമായതോടെ അനേകംപേര്‍ തേനീച്ച കൃഷി ഉപജീവന മാര്‍ഗമാക്കി.
വളര്‍ച്ചാകാലത്ത് ധാരാളം പൂമ്പൊടി ലഭ്യമാക്കാനായി തെങ്ങിന് തോപ്പില്‍ വളര്‍ത്തിയിരുന്ന കോളനികളെ തേനിന്റെ അക്ഷയഖനിയായ റബര്‍ തോട്ടത്തിലേക്കോ വനപ്രദേശങ്ങളിലേക്കോ മാറ്റി സ്ഥാപിക്കണം.
ദേശാടനതേനീച്ച കൃഷി അനുവര്‍ത്തിക്കുന്ന കേരളത്തില്‍ ഡിസംബര്‍, ജനുവരി മാസത്തോടെ ആദ്യ തേനുത്പാദനം ആരംഭിക്കുന്നു.
തിരുവനന്തപുരത്തു നിന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കു തേനീച്ചപ്പെട്ടി മാറ്റി സ്ഥാപിക്കുന്ന തിരക്കിലാണു കര്‍ഷകര്‍.
തുടര്‍ന്ന് മധ്യകേരളത്തിലെ കോട്ടയം, പാലാ തുടങ്ങിയ സ്ഥലങ്ങളിലും അവസാനം തിരുവനന്തപുരം ജില്ലയിലെ പാലോട്, വിതുര, കുളത്തൂപ്പുഴ എന്നിവിടങ്ങളിലേക്കും മാറ്റി സ്ഥാപിച്ചു തേനെടുക്കും.
മാറ്റി സ്ഥാപിക്കാന്‍ മുന്നൊരുക്കങ്ങള്‍
1)ശോഷിച്ച കോളനികളെ സംയോജിപ്പിച്ച് കൃത്രിമ ഭക്ഷണം നല്കി ശക്തിയുള്ളതാക്കണം.
2)തേനീച്ചക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന റബര്‍തോട്ടങ്ങള്‍ സന്ദര്‍ശിച്ചു മധുവും പൂമ്പൊടിയും ലഭിക്കുന്നതാണെന്ന് ഉറപ്പാക്കുക. 10 വര്‍ഷത്തിലധികം പ്രായമായ റബര്‍ തോട്ടങ്ങളാണ് വര്‍ധിച്ച തോതില്‍ തേന്‍ കിനിയുന്നത്.
3)മാറ്റി സ്ഥാപിക്കുന്നതിനു മുമ്പ് കൂട്ടിലുള്ള തേന്‍ എടുത്തുമാറ്റണം.
4)വൈകുന്നേരം എല്ലാ വേലക്കാരി തേനീച്ചകളും കൂട്ടില്‍ പ്രവേശിച്ചെന്ന് ഉറപ്പാക്കിയശേഷം പ്രവേശന കവാടം അടയ്ക്കണം.
5)ഉലച്ചില്‍ ഉണ്ടാകാതിരിക്കാന്‍ കോളനികള്‍ ബലമായി ടേപ്പോ കയറോ ഉപയോഗിച്ച് ഭദ്രമായി കെട്ടി ഉറപ്പിക്കണം.
6)വാഹനത്തില്‍ അടുക്കുമ്പോള്‍ എല്ലാ കൂടുകളുടെയും പ്രവേശന കവാടം വാഹനത്തിന്റെ മുന്‍വശത്തേക്കു അഭിമുഖീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വാഹനം ബ്രേക്ക് ഇടുകയോ, ചാടുകയോ ചെയ്യുമ്പോള്‍ അടകള്‍ക്കു സംരക്ഷണം ഉറപ്പാക്കും.
7)സൂര്യോദയത്തിനു മുമ്പായി നിശ്ചിത സ്ഥലത്ത് എത്തുമെന്ന് ഉറപ്പാക്കണം.
8)പുതിയ സ്ഥലത്ത് എത്തിയാല്‍ പ്രവേശന കവാടം തുറക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
9)ആവശ്യമെങ്കില്‍ പുതിയ സ്ഥലത്തെത്തിയ തേനീച്ചകള്‍ക്ക് കൃത്രിമ ഭക്ഷണം 1:1 അനുപാദത്തില്‍ പഞ്ചസാര ലായനി നല്‍കേണ്ടതാണ്.
വര്‍ധിച്ച തോതില്‍ തേന്‍ ലഭ്യമാകണമെങ്കില്‍ തേന്‍ ശേഖരിക്കാനുള്ള വേലക്കാരി ഈച്ചകളുടെ എണ്ണം വര്‍ധിപ്പിക്കണം. കോളനിയുടെ അടിത്തട്ടില്‍ വിരിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വേലക്കാരി തേനീച്ചകളെ പുഴു അറയ്ക്കു മുകളില്‍ തേന്‍ തട്ടു സ്ഥാപിച്ച് അതിലേക്ക് ആകര്‍ഷിക്കേണ്ടതാണ്.
ഇതിനായി അടിത്തട്ടിലെ വലതുവശത്തുള്ള ഒരു അടയെടുത്ത് ഈച്ചയെ മാറ്റി ചട്ടത്തില്‍ നിന്നു വേര്‍പെടുത്തി ഒരിഞ്ചു വീതിയില്‍ മുറിക്കുക.
മുറിച്ച കഷണം മുകളിലെ തേന്‍ തട്ടിലെ ചട്ടത്തിന്റെ അടിഭാഗത്തു വച്ച് വാഴനാരുപയോഗിച്ചു കെട്ടി ഉറപ്പിച്ചശേഷം മുകള്‍ തട്ടില്‍ സ്ഥാപിക്കുക.
അടിത്തട്ടില്‍ വിരിഞ്ഞിറങ്ങുന്ന വേലക്കാരി ഈച്ചകള്‍ തേന്‍ തട്ടില്‍ പ്രവേശിച്ച് അതിവേഗം അടകെട്ടി പൂര്‍ത്തിയാക്കും.
തുടര്‍ന്ന് വീണ്ടും ഇത്തരത്തില്‍ അടകളുടെ കഷണം കെട്ടികൊടുത്ത് തേനറയില്‍ അടകള്‍ നിറയ്ക്കാവുന്നതാണ്.
ഒരു തേന്‍തട്ട് പൂര്‍ത്തിയായാല്‍ പുതിയ തേന്‍തട്ട് നല്‍കാം. പുതിയ തേന്‍തട്ട് നല്കുമ്പോള് അടിതട്ടിന്റെ തൊട്ടുമുകളിലായി തന്നെ വയ്ക്കേണ്ടതാണ്.
രണ്ടാമത്തെ തട്ടിലും പുതിയ തേനടകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ തട്ടും, തുടര്‍ന്ന് നാലാമത്തെ തട്ടും സജ്ജമാക്കാവുന്നതാണ്.
വൈവിധ്യമുള്ള കര്‍ഷകര്‍ 5-6 തേന്‍ തട്ടുകള്‍ തയാറാക്കാറുണ്ട്. ഇത്തരത്തില്‍ വേലക്കാരി തേനീച്ചയുടെ എണ്ണം വര്‍ധിപ്പിക്കുന്നത് തുടര്‍ന്നുവരുന്ന തേനുത്പാദന കാലത്ത് 15 – 25 കിലോ തേന്‍വരെ ശേഖരിക്കുന്നതിനു സഹായിക്കും.
ഡോ. കെ.എസ്. പ്രമീള
മുന്‍ മേധാവി, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കാര്‍ഷിക കോളജ്, വെള്ളായണി
ഫോണ്‍ : 8547190984.