കൊച്ചി: സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ പരാതിയിൽ നിന്നും യുവനടി പിന്മാറി. “ഹണീ ബി-2′ എന്ന ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടി പരാതി നൽകിയിരുന്നത്.
എന്നാൽ പരാതി പിൻവലിക്കുകയാണെന്നാണ് നടി ഇന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ മുൻകൂർ ജാമ്യം തേടി ജീൻപോൾ ലാലും ശ്രീനാഥ് ഭാസിയും എറണാകുളം സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് നടി പരാതിയില്ലെന്ന സത്യവാങ്മൂലം നൽകിയത്. നേരത്തെ മുൻകൂർ ജാമ്യത്തെ എതിർത്ത പോലീസ് നടിയുടെ പരാതിയിൽ കഴന്പുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണം തുടരുകയാണെന്നും മുൻകൂർ ജാമ്യം ഇരുവർക്കും അനുവദിക്കരുതെന്നുമായിരുന്നു പോലീസ് നിലപാട്.