കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ വൻതേനീച്ചയുടെ ആക്രമണത്തിൽ 15 തൊഴിലാളികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേനീച്ചക്കൂട് പരുന്ത് ഇളക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
നേര്യമംഗലം ഈറയ്ക്കൽ അബ്ബാസ് (50), കരാറുകാരന്റെ ജോലിക്കാരനായ മൂവാറ്റുപുഴയിൽ താമസിക്കുന്ന അതിഥി തൊഴിലാളി ഷാഹുൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശാഖ്, സാജു, സിനോ, ഷിജു, ബിജു, രാജേഷ് എന്നിവർ ഉൾപ്പെടെ മറ്റുള്ളവരെ നേര്യമംഗലം പിഎച്ച്സിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
അബ്ബാസിനെയും ഷാഹുലിനെയും തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റവർ പ്രാണരക്ഷാർഥം ചിതറിയോടി.
മിക്കവരുടെയും തലയിൽ ഉൾപ്പെടെ ശരീരമാസകലം കുത്തേറ്റു. അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെട്ടതായി കുത്തേറ്റവർ പറഞ്ഞു.
ആവോലിച്ചാൽ റോഡിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി മീൻകുളം നിർമാണ പ്രവൃത്തികളുടെ കോണ്ക്രീറ്റ് പണികൾ നടക്കുന്ന ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളാണ് വൻതേനീച്ചയുടെ ആക്രമണത്തിനിരയായത്.