കോട്ടയം: ജില്ലയിലെ പെണ്‍വാണിഭ റാക്കറ്റിന്റെ പ്രധാന കണ്ണിക്ക് വേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ദിവസങ്ങൾക്കു മുന്‍പ് കോട്ടയം ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തിൽ ആക്രമണമുണ്ടായി രണ്ടു പേർക്കു വെട്ടേറ്റതോടെയാണ് നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ചു പുറംലോകമറിയുന്നത്.
ജില്ലയിൽ പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് ക്വട്ടേഷൻ ആക്രമണം നടന്നതെന്നും പൊൻകുന്നം സ്വദേശി മാനസ് ആണ് ക്വട്ടേഷൻ നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ഒളിവിലാണ്.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്റെ സഹായവുമുണ്ട്.
താവളങ്ങൾ മാറി മാനസ് യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടി വിശദമായ ചോദ്യം ചെയ്തെങ്കിൽ മാത്രമേ സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
തിരുവനന്തപുരത്തു നിന്നുള്ള ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്നും സംഘത്തിലെ പലരും മാനസിന്റെ പെണ്‍വാണിഭ കേന്ദ്രത്തിലെ ഇടപാടുകാരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരുടെ പെണ്‍വാണിഭ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതു മാങ്ങാനത്തും കോട്ടയം ചന്തക്കടവിലുമാണ്. ഇതിനു പുറമെ ജില്ലയിലെ മറ്റു സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പെണ്‍വാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയ സംഘം വീട്ടിൽ നിന്നും കാമറയും മൊബൈൽ ഫോണുകളും കൈക്കലാക്കിയതായും പോലീസിനു സംശയമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പെണ്‍വാണിഭ കേന്ദ്രത്തിൽ എത്തിയിരുന്ന ചിലരെ ഇവർ ഹണിട്രാപ്പിൽ കുടുക്കിയതായും സൂചനയുണ്ട്. ഇവരുടെ ചിത്രങ്ങൾ അടങ്ങിയ കാമറയും മൊബൈൽ ഫോണുമാണ് നഷ്്ടപ്പെട്ടിരിക്കുന്നത്.
ഹണിട്രാപ്പിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാരിയായ പൊൻകുന്നംകാരിയുടെ മൊബൈലും വാട്സ്ആപ്പ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിൽ നിന്നുള്ള വിവരങ്ങൽ സൈബർ സെൽ ശേഖരിച്ചു വരികയാണ്. ഇതിനു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍വാണിഭ സംഘം നടത്തിയ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.