പങ്കാളി ഇല്ലാതെ ഹണിമൂണ്‍ പോയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊക്കെ സംഭവിക്കുമോയെന്നാണ് ചിന്തയെങ്കില്‍. ദാ ഇവിടുണ്ട് കക്ഷി. ഒറ്റയ്ക്കു പോയെന്നു മാത്രമല്ല, ഫോട്ടം പിടിച്ചത് ഫേസ്ബുക്കിലിട്ടപ്പോള്‍ പിള്ളേര്‍ വൈറലുമാക്കി. ഹുമ മോബിന്‍ എന്ന ചേച്ചിയാണ് ഭര്‍ത്താവിനെ കൂട്ടാതെ ഹണിമൂണ്‍ ആഘോഷിച്ചു വൈറല്‍ ഗേളായത്. ചേച്ചിയെ തെറ്റിദ്ധരിക്കേണ്ട കേട്ടോ. സംഭവിച്ചതു കേട്ടാല്‍ നിങ്ങളും ചിരിക്കും.
കഥനായികയും നായകനും രണ്ടുവര്‍ഷം കട്ട പ്രേമമായിരുന്നു. ഒടുവില്‍ വിവാഹവും മംഗളമായി നടന്നു. കെട്ടിയവന്റെ പേര് പറഞ്ഞില്ല അല്ലേ. ആ ഹതഭാഗ്യനാണ് അര്‍സലാന്‍ സെവര്‍ ഭട്ട്. വിവാഹത്തിനുശേഷം ഗ്രീസിലേക്കൊരു ഹണിമൂണ്‍ അവരുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ ഗ്രീസിലെ ഹണിമൂണ്‍ സ്വപ്‌നം കണ്ട് നടന്ന ഇരുവര്‍ക്കും വലിയൊരു തിരിച്ചടിയാണ് ഗ്രീസ് എംബസി നല്‍കിയത്. അര്‍സലാനിന്റെ വിസ സമയത്തിന് ശരിയായില്ല. തുടര്‍ന്ന് ഹണിമൂണ്‍ യാത്ര റദ്ദാക്കാന്‍ ഇരുവരും തീരുമാനിച്ചു. പക്ഷെ അപ്പോഴാണ് മറ്റൊരു തിരിച്ചടി. ഹണിമൂണ്‍ യാത്രക്കായി നേരത്തെ ഇവര്‍ എല്ലാം ബുക്ക് ചെയ്ത് പണമടച്ചിരുന്നു. യാത്ര റദ്ദാക്കിയാലും അതൊന്നും തിരികെ കിട്ടില്ല. അങ്ങനെ അര്‍സലാനില്ലാതെ ഹുമ യാത്ര പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും ഒപ്പം കൂട്ടി. കഥയുടെ ആദ്യ പാര്‍ട്ട് ഇങ്ങനെ അവസാനിച്ചു.
കരളിന്റെ കരളില്ലാതെ എന്ത് ഹണിമൂണ്‍. ചുമ്മ നടന്നപ്പോള്‍ പ്രിയതമന്‍ ഒപ്പമുള്ള രീതിയില്‍ ഹുമ കുറേ ഫോട്ടോയെടുത്തു. ഭര്‍ത്താവ് കൂടെയുണ്ടെന്ന് സങ്കല്‍പ്പിച്ചുള്ള ഫോട്ടോകളായിരുന്നു അത്. കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പോലെയുള്ള ചിത്രങ്ങള്‍. ആ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എങ്കില്‍ ആ ഫോട്ടോ കൂടി കാണാമല്ലേ… കണ്ടോളൂ…