പഞ്ച്കുല: ദേര സച്ച സൗദ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹണിപ്രീത് ഇൻസാനെതിരായ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി. ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനു കോടതി 20 വർഷം കഠിനതടവു വിധിച്ചതിനു പിന്നാലെയാണു പഞ്ച്കുലയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും ഹണിപ്രീതിനെതിരായ മറ്റു വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കി.
ഈ വർഷം സെപ്റ്റംബറിൽ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞവർഷം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
മാനഭംഗക്കേസിൽ തടവിൽ കഴിയുന്ന ഗുർമീത് റാം റഹിമിന്റെ വളർത്തുമകളായ ഹണിപ്രീതിനെ, 2017 ഒക്ടോബർ മൂന്നിനാണ് അറസ്റ്റ് ചെയ്യുന്നത്. ദേര കലാപത്തിനായി രണ്ടു കോടി രൂപ ഹണിപ്രീത് നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു. കലാപത്തിൽ 41 പേരാണു കൊല്ലപ്പെട്ടത്. 264 പേർക്കു പരിക്കേറ്റു. ഹരിയാനയ്ക്കു പുറമേ, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും കലാപം വ്യാപിച്ചു.
അനുയായികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ രണ്ടു കേസുകളിലായി പത്തു വർഷം വീതം തടവാണു ഗുർമീതിനു കോടതി വിധിച്ചത്. രണ്ടു ശിക്ഷയും ഒന്നിനു പുറകേ ഒന്നായി അനുഭവിക്കണം. കഠിനതടവിനു വിധിക്കപ്പെട്ട ഗുർമീതിനെ ഇപ്പോൾ റോഹ്തക് ജില്ലാ ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്.