സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പിലൂടെ വിദ്യാസന്പന്നരായ യുവാക്കളിൽ നിന്ന് പണം തട്ടിയ രാജസ്ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ രാജസ്ഥാൻ കാമൻ സ്വദേശികളായ നഹർസിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐപിഎസുകാരുടെ അടക്കം പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് സൃഷ്ടിച്ചു സന്നദ്ധപ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെട്ട രാജസ്ഥാൻ സ്വദേശിയായ 17 കാരനെയും പോലീസ് പിടികൂടി.
അങ്കിത ശർമ എന്ന പേരിൽ പെണ്‍കുട്ടിയുടെ പ്രൊഫൈൽ ചിത്രമുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുമാണ് യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചത്.
തുടർന്ന് ഫേസ്ബുക്ക് മെസജർ വഴി സൗഹൃദം സ്ഥാപിച്ച് വാട്സ് ആപ്പിലൂടെ ശബ്ദ സന്ദേശങ്ങൾ അയച്ച് യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവിന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയതിനു ശേഷം ഇവ ഇയാളുടെ ഫേസ്ബുക്കിലുള്ള മറ്റു സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഭീഷണി തുടർന്നതോടെയാണ് പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചത്.
ഫേസ് ബുക്ക്, വാട്സ് ആപ്പ്, ഗൂഗിൾ എന്നീ സർവീസ് പ്രൊവൈഡൻമാർ നൽകിയ വിവരപ്രകാരം രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ കാമൻ, മേവാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തി.
ഡപ്യൂട്ടി സൂപ്രണ്ട് ടി. ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കാമൻ പോലീസിെന്റെസഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഉൾനാടുകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്യുന്നത്.
ഫെയ്സ്ബുക്കിൽ നിന്ന് പ്രൈവസി പ്രൊട്ടക്ഷൻ ഇല്ലാത്ത വ്യക്തികൾ നൽകുന്ന ചിത്രങ്ങളാണ് പ്രതികൾ ദുരുപയോഗം ചെയ്യുന്നത്.
ഐജി പി.വിജയൻ അടക്കം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ കരസ്ഥമാക്കിയാണ് രാജസ്ഥാൻ പുൽഹാന സ്വദേശിയായ 17 കാരൻ തട്ടിപ്പ് നടത്തിയത്.
ഓണ്‍ലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സന്നദ്ധപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിന് സഹായം അഭ്യർഥിച്ചാണ് ഐപിഎസുകാരുടെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ എത്തിയത്.
സൈബർ പൊലീസ് ഇൻസ്പെക്ടർ ആർ. റോജ്, എസ്ഐമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ എഎസ്ഐ ഷിബു, സിപിഒ മാരായ ശ്രീരാഗ്, വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.