ഹണിട്രാപ്പ് കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ്(35) വിദേശത്തുനിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്.
മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്.
കൂട്ടുപ്രതികള്‍ പിടിയിലായതിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്. തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച ശേഷം മണ്ണഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്.
സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ഇയാള്‍ പലരോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് സൗമ്യയെ പരിചയപ്പെട്ടത്.
സൗമ്യ ആവശ്യപ്പെട്ടത് അനുസരിച്ച് തൃശൂരിലെ ലോഡ്ജില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം യുവാക്കളെത്തി മര്‍ദ്ദിക്കുകയും സംഭവം ചിത്രീകരിക്കുകയുമായിരുന്നു.
10 ലക്ഷം രൂപ എത്തിക്കാതെ അവിടെ നിന്നു വിടില്ലെന്നു ഭീഷണിപ്പെടുത്തി. അതിനിടെ റിസോര്‍ട്ട് ഉടമയെ കാണാനില്ലെന്ന് വീട്ടുകാര്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പോലീസ് തൃശൂരില്‍ എത്തി പ്രതികളെ പിടികൂടിയെങ്കിലും സൗമ്യ രക്ഷപ്പെടുകയായിരുന്നു.