തലശേരി: മട്ടന്നൂർ സ്വദേശിയായ യുവാവിന്റെ ഫോണും എടിഎം കാർഡും പണവും കവർന്നത് പ്രതികളിലൊരാളുടെ കാമുകിയെ ഉപയോഗിച്ചെന്ന് പോലീസ്.സംഭവത്തിൽ തലശേരി കസ്റ്റംസ് റോഡിലെ കൊളത്തായി വീട്ടിൽ സുനീർ (31), മട്ടാമ്പ്രം ഉമ്മറപ്പുറത്ത് വീട്ടിൽ യൂനുസ് (30), പാറാൽ കളത്തിപ്പറമ്പത്ത് മരക്കാർ എന്ന അലി (49) എന്നിവരെ തലശേരി സിഐ സനിൽകുമാർ, എസ്ഐ വിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതിരുന്നു.
കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടന്നൂർ ആലച്ചേരി കീച്ചേരിയിലെ റസിയ മൻസിലിൽ കെ.കെ.മുഹമ്മദ് റയീസാണ് തട്ടിപ്പിനിരയായത്. പരിചയക്കാരി വിളിച്ചതുപ്രകാരം തലശേരിയിലെ വിക്ടോറിയ ഹോട്ടലിലെത്തിയ റയീസിനെ പിന്നീട് പേൾവ്യൂ ഹോട്ടൽ ബാറിലേക്കും വാധ്യാർ പീടിക ഭാഗത്തേക്കും കൂട്ടിക്കൊണ്ടുപോയി പെണ്ണുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായ ഫോണും എടിഎം കാർഡും ലൈസൻസും 1200 രൂപയും കവരുകയായിരുന്നു.
തട്ടിക്കൊണ്ടുപോയി കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിലപിടിച്ചതെല്ലാം കൈക്കലാക്കിയത്. റയീസിന്റെ വാഹനവും തട്ടിയെടുത്താണ് ഗുണ്ടാസംഘം മുങ്ങിയത്. പരാതിയെ തുടർന്ന് പ്രതികൾക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം തലശേരി പോലീസ് കേസെടുത്തിരുന്നു.