ന്യൂഡൽഹി: സൈനിക രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ് ഒരുങ്ങിയിരിക്കുന്നതായി സൈന്യത്തിന് രഹസ്യാനേ്വഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വ്യാജ സുന്ദരികളുടെ പ്രൊഫൈൽ നിർമിച്ച് മുതിർന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായാണ് മുന്നറിയിപ്പ്.
“Oyesomya’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ഗുജാർ സൗമ്യ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമാണ് ഹണി ട്രാപ്പിനായി ഉപയോഗിച്ചത്. നിലവിൽ ഈ രണ്ട് അക്കൗണ്ടുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.
മുൻ ക്യാപ്ടൻ പവൻ കുമാറിന്റെ സഹോദരിയാണെന്നാണ് സൗമ്യ വിശ്വസിപ്പിക്കുന്നത്. ഐഐടി ബോംബെയിലെ ഗവേഷക വിദ്യാർഥിയാണെന്നും ഐഐടി ജെഇഇ 2016 പാസായിട്ടുണെന്നുമാണ് സൗമ്യ പറയുന്നത്. എന്നാൽ ഈ വിവരങ്ങൾ പൂർണമായും തെറ്റാണെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
ഇന്ത്യയുടെ സൈനികരഹസ്യങ്ങൾ ചോർത്താൻ ഇന്ത്യൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഫേസ്ബുക് പ്രൊഫൈലുകളിൽ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകൾ വരുന്നതായി നേരത്തെയും റിപ്പോർട്ട് ഉണ്ടായിരുന്നു
ഹണി ട്രാപ്പ് വഴി വ്യോമസേനയുടെ സുപ്രധാന വിവരങ്ങൾ ചോർത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു. ഫേസ്ബുക് വഴി പരിചയപ്പെടുന്ന വ്യാജ യുവതികൾ സ്മാർട് ഫോണിലെ മെസഞ്ചർ വഴി ചാറ്റ് ചെയ്ത് രഹസ്യ ഡേറ്റകൾ ചോർത്തും.
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവതികൾ ഉദ്യോഗസ്ഥരിൽ നിന്ന് മൊബൈൽ നന്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കുന്നു. കെണിയിൽ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ യുവതികൾ സ്വന്തമാക്കുന്നു.
ഇത്തരത്തിലുള്ള നിരവധി വ്യാജ പ്രൊഫൈലുകൾ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ കെണികൾ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്.