കാഞ്ഞങ്ങാട്: വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ.
ബേഡകം ബാലനടുക്കത്തെ മൂസയുടെ വീട്ടിലെത്തിയ രണ്ടു യുവതികളാണ് ഹണിട്രാപ്പിലൂടെ മൂസയുടെ കൂടെ നില്ക്കുന്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 5.45 ലക്ഷം രൂപ തട്ടിയത്.
ഇതിൽ പടന്നക്കാട്ടെ സുബൈദ (39) യാണ് അറസ്റ്റിലായത്. ബേഡകം സിഐ ഉത്തംദാസ്, എസ്ഐ മുരളീധരന്, പോലീസുകാരായ രമേശന്, സുപ്രിയ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട്ടെ വീട്ടില്‍ വച്ചാണ് സുബൈദയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കാസർഗോഡ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ തോട്ടടയിലെ സ്പെഷല്‍ ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസിൽ പള്ളിക്കര ബിലാല്‍ നഗര്‍ മസ്തിഗുഡയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍ (36) നേരത്തെ അറസ്റ്റിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതികളിൽ ഒരാൾ കബീറിന്റെ ഭാര്യ സബീനയാണ്. സബീന ഇപ്പോൾ ഒളിവിലാണ്.
മൂസയുടെ വീട്ടിലെത്തിയ യുവതികള്‍ വീട് തുറന്നുകാണണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂസ വീടുതുറന്ന് കാണിക്കുന്നതിനിടയിൽ യുവതികള്‍ ഉള്‍പ്പെടെ ആറംഗസംഘം യുവതികളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തതെന്നാണ് പരാതി.
യുവതികളോടൊപ്പം കാറിലെത്തിയവര്‍ ഫോട്ടോ കാണിച്ച് 15 ലക്ഷം രൂപയാണ് മൂസയോട് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി.
മൂസ അന്നുതന്നെ രണ്ടേമുക്കാല്‍ ലക്ഷം രൂപ സംഘത്തിന് കൈമാറിയിരുന്നതായും പിന്നീട് മൂന്നു തവണകളായി മൂന്നുലക്ഷം രൂപ കൂടി ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തത്രെ. ഭീഷണി തുടർന്നപ്പോൾ മൂസ കാസര്‍ഗോഡ് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
കവര്‍ച്ചയും ഹണിട്രാപ്പുമടക്കം നിരവധി കേസുകളില്‍ പ്രതിയായ കബീര്‍ 13 വര്‍ഷത്തിനുശേഷമാണ് പോലീസിന്റെ പിടിയിലാകുന്നത്.