കാസര്‍ഗോഡ്: 59കാരനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍.
കോഴിക്കോട് സ്വദേശികളായ ദില്‍ഷാദ്, ഭാര്യ ലുബ്ന, സിദ്ദിഖ്, ഫൈസല്‍ എന്നിവരെയാണ് മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഐപിസി 384 (പണം തട്ടല്‍), 389 (പണത്തിനായി ഭീഷണിമുഴക്കുക), 342 (അന്യായതടങ്കല്‍), 323 (ശാരീരിക ഉപദ്രവം), 506(1) വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഉദുമ മാങ്ങാട് സ്വദേശിയാണ് ഹണിട്രാപ്പിന് ഇരയായത്. ജനുവരി 23നാണ് ലുബ്ന എന്ന യുവതി ഫോണ്‍ വഴി പരിചയപ്പെടുന്നതെന്ന് പരാതിക്കാരന് പറയുന്നു.
ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് പരാതിക്കാരന്. വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ലാപ്ടോപ്പ് വാങ്ങിതരണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ഇതിനായി 25നു മംഗലാപുരത്ത് പോയി. അവിടെനിന്നു ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലുബ്ന തന്നോടൊപ്പം നഗ്നചിത്രങ്ങളെടുത്തെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ഏഴംഗസംഘം കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ചു.
ലുബ്നയെ താന്‍ ബലാത്സംഗം ചെയ്തെന്ന് പോലീസില്‍ പരാതി നല്‍കുമെന്നും ജീവിതം തകര്‍ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രതികള്‍ പണം ആവശ്യപ്പെട്ട് പരാതിക്കാരനെ മര്‍ദ്ദിച്ചു പരിക്കേല്പിച്ചു.
ആദ്യം 10,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. പിന്നീട് വീണ്ടും ഭീഷണിപ്പെടുത്തി 26ന് 4.90 ലക്ഷം രൂപ കൂടി വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് പരാതിക്കാരന് പോലീസിനെ സമീപിച്ചത്.