ബിസിനസുകാരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കൊച്ചിയിലെ യുവതിയും യുവാവും ഹണിട്രാപ്പ് അണിയിച്ചൊരുക്കിയത്. പ്രേമം നടിച്ചു യുവാക്കളായ ബിസിനസുകാരെ വശത്താക്കും. വാട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലൂടെ സന്ദേശം കൈമാറും.
സൗഹൃദ സംഭാഷണങ്ങളിലൂടെ തുടക്കം. ഇടയ്ക്ക് ചില ഫോട്ടോസും അയച്ചു കൊടുക്കും. സൗഹൃദം കൂടുതൽ അടുപ്പത്തിലേക്കു നീങ്ങുന്പോൾ നേരിട്ടു കാണാൻ ക്ഷണിക്കും. പിന്നെയാണ് കെണിയിലേക്കു വീഴുന്നത്.
കൊച്ചിയിൽ ബിസിനസുകാരനായ യുവാവ് ഇവരുടെ കെണിയിൽപ്പെട്ടു. കാക്കനാടുള്ള ഒരു യുവ ബിസിനസുകാരനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങളെടുത്ത സംഭവത്തിൽ യുവാവും യുവതിയും പിടിയിലായതോടെയാണ് ഹണിട്രാപ്പ് സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിക്കുന്നത്.
സീപോർട്ട് എയർപോർട്ട് റോഡിൽ കളക്ടറേറ്റിനു സമീപം ബ്യൂട്ടിപാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറന്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്. കൃഷ്ണ കുമാർ (രഞ്ജിഷ്-33) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ ഇങ്ങനെ…
ഇരയുമായി ആദ്യം സൗഹൃദം കൂടുകയാണ് തുടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരും ഇരകളെ കണ്ടത്തുന്നത്. ഇരയുമായി നല്ല ഒരു സൗഹൃദമുണ്ടാക്കും.
വിശ്വാസം പിടിച്ചുപറ്റാൻ ഈ സൗഹൃദം കുറച്ചു നാൾ മാന്യമായ രീതിയിൽ കൊണ്ടുപോകും. സൗഹൃദത്തിൽ വിശ്വാസ്യത വന്നു കഴിഞ്ഞാൽ ട്രിപ്പുകൾ പ്ലാൻ ചെയ്യും.
വൺ ഡേ ട്രിപ്പിൽ തുടങ്ങുന്ന യാത്രകൾ ചിലപ്പോൾ ദിവസങ്ങൾ നീണ്ടു നില്ക്കുന്ന യാത്രയിൽ നിൽക്കും. ഇതിനിടയിൽ കിടക്കയും പങ്കിടും. ഈ ദൃശ്യങ്ങൾ തന്ത്രപരമായി മൊബൈൽ ഫോണിൽ പകർത്തും.
തുടർന്നു തന്റെ ചില സാന്പത്തിക ഞെരുക്കത്തെക്കുറിച്ച് ഇരയോടു പറയും. സാന്പത്തികമായ സഹായമാണ് ആദ്യം ചോദിക്കുക. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ചോദിക്കും. തത്കാലം മറിക്കാൻ മാത്രമാണ് പണം ചോദിക്കുന്നത്.
പെട്ടെന്നു തിരികെ ലഭിക്കുമെന്നു കരുതി പലരും പണം നൽകും. ഇനിയാണ് കെണി. കൊടുത്തതു തിരികെ ചോദിക്കുന്നവരെയാണ് ഹണിട്രാപ്പിൽ കുടുക്കുന്നത്.
പണം തിരിച്ചു ചോദിക്കുന്നവരെ നേരത്തെ മൊബൈലിൽ ചിത്രീകരിച്ച ചിത്രങ്ങളും വീഡിയോയും കാണിക്കും. മാനഭംഗ കുറ്റത്തിനു കേസ് ഫയൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മിക്കവരും പണം ഉപേക്ഷിച്ചു പിന്മാറും. ഇതോടെ ഇവർ അടുത്ത ഇരയ്ക്കായി വല വീശും.
ജൂലിയുടെ തന്ത്രം
ജൂലി സ്നേഹപൂർവം ക്ഷണിച്ച പ്രകാരം യുവാവും ഗൾഫിൽനിന്നെത്തിയ ബന്ധുകൂടിയായ മറ്റൊരു യുവാവും കൂടിയാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മൂന്നുപേർ അവിടെയെത്തി.
അനാശാസ്യമാണോയെന്നു ചോദിച്ചു ബിസിനസുകാരനെ മർദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവ് രോഗിയാണെന്നു പറഞ്ഞതിനാൽ അയാളെ മർദിച്ചില്ല. തുടർന്നു ബിസിനസുകാരനെ നഗ്നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വീഡിയോ ചിത്രീകരിച്ചു.
ഇതു പുറത്തു വിടാതിരിക്കാൻ അഞ്ചുലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല.
ഗൾഫുകാരന്റെ പഴ്സിൽനിന്ന് എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്.
ഈ എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപയോളം പിൻവലിച്ചു. പിന്നീടു ചോദിച്ച തുക കിട്ടാതെ വന്നതോടെ യുവാവിന്റെ സുഹൃത്തുകൾക്കു വീഡിയോ ദൃശ്യങ്ങൾ അയച്ചു കൊടുക്കുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽനിന്നാണ് ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
(തുടരും)
തയാറാക്കിയത്: റെൻ
നാളെ: മിസ്ഡ് കോളിൽ കുടുക്കും