തലശേരി: മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ ഇരുപതുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
സംഘത്തിലെ അംഗമെന്നു സംശയിക്കുന്ന അനന്യയെ തേടിയാണ് പോലീസ് വിവിധ മേഖലകളിൽ തെരച്ചിൽ നടത്തി വരുന്നത്.
ഹണി ട്രാപ്പ് സംഘത്തിൽ അംഗമായ അനന്യ സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു രക്ഷപെട്ട യുവതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
സംഭവത്തിൽ അറസ്റ്റിലായ ചിറക്കര ലോട്ടസിനടുത്ത് താമസിക്കുന്ന ജിതിൻ (23), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി (19), പാനൂർ മുത്താറിപ്പീടികയിലെ ഷഫ്നാസ് (23), കതിരൂർ വേറ്റുമ്മലിലെ കെ.സുബൈർ (33) എന്നിവർ റിമാൻഡിലാണ്.
ഹണിട്രാപ്പ് സംഘം സമാനമായ ഇത്തരം ഓപ്പറേഷനുകൾ വേറെ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
ചുംബന രംഗം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരുന്നു. അശ്വതിയുടെ വാട്സാപ്പ് സ്റ്റാറ്റസിലെ ചുംബന രംഗമാണ് വളപട്ടണം സ്വദേശിയായ ഈ കേസിലെ പരാതിക്കാരനെ ആകർഷിച്ചതെന്നാണ് റിപ്പോർട്ട്.