ഇൻഡോറിലെ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറായിരുന്നു ഹർഭജൻസിംഗ്. ശന്പളത്തിനു പുറമേ കുടുംബവും സാന്പത്തികമായ നല്ല നിലയിലായിരുന്നു. ഇതിനിടയിലാണ് ഹണിട്രാപ്പ് സംഘത്തിലെ യുവതി ഹർഭജൻസിംഗിനെ നോട്ടമിട്ടത്.
മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന ചില അനധികൃത നിർമാണങ്ങൾക്കു സമ്മതപത്രം കിട്ടുകയായിരുന്നു ഹർഭജൻ സിംഗിനെ വരുതിയിലാക്കുന്നതിലൂടെ സംഘം ലക്ഷ്യമിട്ടിരുന്നത്.
അനുമതി നേടിയെടുക്കാമെന്നു പറഞ്ഞ് അനധികൃത നിർമാണം നടത്തുന്ന കന്പനികളിൽനിന്നു ലക്ഷക്കണക്കിനു തുകയും ഇവർ വാങ്ങി.
ഇരയ്ക്കു പിന്നാലെ
ഹർഭജൻ സിംഗിനെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി സംഘത്തിലെ യുവതി ഇയാളെ പിന്തുടർന്നുകൊണ്ടിരുന്നു. പിന്നെ, ചില ആവശ്യങ്ങൾക്കെന്ന വ്യാജേന ഹർഭജൻസിംഗിനെ യുവതി സമീപിച്ചു.
ഓഫീസിൽ ഇടയ്ക്കിടെയായി സന്ദർശനം. ഇതിനിടെ, ഫോൺ നന്പർ സ്വന്തമാക്കി യുവതി വിളിയും തുടങ്ങി.
അധികദിവസം നീണ്ടു നിന്നില്ല, ഹർഭജൻസിംഗ് യുവതിയുടെ വലയിലായി. സൗഹൃദ സംഭാഷണങ്ങൾ പതുക്കെ പരിധിവിട്ട രീതിയിലേക്കു യുവതി കൊണ്ടുപോയി.
ഇതിനിടെ, ഇരുവരും പലേടങ്ങളിലും രഹസ്യസംഗമം നടത്തുകയും ചെയ്തു. എന്നാൽ, ഇതൊക്കെ ഭംഗിയായി രഹസ്യ കാമറകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ദൃശ്യങ്ങൾ ഫോണിൽ
ദിവസങ്ങൾക്കുള്ളിൽ ഹർഭജൻസിംഗിന്റെ ഫോണിലേക്കു രഹസ്യസംഗമത്തിന്റെ ദൃശ്യങ്ങൾ എത്തി. പിന്നാലെ, വിളിയും. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിലും തങ്ങൾ പറയുന്ന ചില നിർമാണ പ്രവർത്തനങ്ങൾ അനുമതി കൊടുക്കണമെന്നായിരുന്നു ആവശ്യം.
ആകെ തകർന്നുപോയ ഹർഭജൻസിംഗ് മാനഹാനി ഓർത്തു ചില കാര്യങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ, ഇതിനു പിന്നാലെ സംഘം മൂന്നുകോടി രൂപ ആവശ്യപ്പെട്ടതോടെ ഹർഭജൻ ധർമസങ്കടത്തിലായി.
ഇതോടെ മാനം പോയാൽ പോട്ടെ എന്നു കരുതി പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി 50 ലക്ഷം നൽകാമെന്ന് ഇവരെ അറിയിക്കാൻ പോലീസ് ഹർഭജനോടു നിർദേശിച്ചു.
പണം ശേഖരിക്കാനായി ഹണിട്രാപ്പ് സംഘത്തിലെ ആരതിയും ശ്വേതയും ഇൻഡോറിൽ എത്തിയപ്പോൾ പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നുമാണ് വൻ തട്ടിപ്പ് ശൃംഖലയുടെ രഹസ്യങ്ങൾ പുറത്തുവന്നത്.
രാഷ്ട്രീയത്തിലും പയറ്റി
സംഘത്തിന്റെ നേതാവെന്നു കരുതപ്പെടുന്ന ശ്വേത രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്തിയ ശേഷമാണ് ഹണിട്രാപ്പിൽ എത്തുന്നത്. ശ്വേതയ്ക്കു മധ്യപ്രദേശിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നെന്നും തെളിഞ്ഞിരുന്നു.
2013, 2018 വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരകയായിരുന്നു ശ്വേതയെന്നു കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന അരുണോദോയ് ചൗബ ദൃശൃങ്ങൾ സഹിതം ആരോപണം ഉന്നയിച്ചിരുന്നു.
മീനൽ റസിഡൻസിയിൽ ശ്വേതയ്ക്കു വീട് വാങ്ങി നൽകിയത് ഒരു മുൻ മുഖ്യമന്ത്രിയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ശ്വേത വഴിയാണ് മിക്ക പെൺകുട്ടികളും ഉന്നതരുമായി അടുപ്പത്തിലാകുന്നത്.
ഈ ബന്ധം ഇവർ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് എത്തിക്കും. ലിപ്സ്റ്റിക്കിലും കണ്ണാടിയിലും ഒളിപ്പിച്ച കാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.
സന്പർക്കിടയിൽ
സമ്പന്നർക്കിടയിൽ ഹണിട്രാപ്പ് തട്ടിപ്പിൽ അറസ്റ്റിലായ ശ്വേത ജെയിൻ എന്ന 48കാരി ഭോപ്പാലിൽ സമ്പന്നർ അതിവസിക്കുന്ന രിവിയേറ ടൗണിലായിരുന്നു താമസം.
ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗിന്റെ വീട്ടിലാണ് ശ്വേതാ ജെയിൻ വാടകയ്ക്കു താമസിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ, യുവതിയുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി എംഎൽഎയുടെ വാദം.
ബ്രോക്കർ മുഖേനയാണ് വീടു വാടകയ്ക്കു നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചു നാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
വിവാദമായ ദൃശ്യങ്ങൾ
ഹണിട്രാപ്പ് സംഘം പകർത്തിയെന്നു കരുതുന്ന മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇരുവരും ഓരോ പെൺകുട്ടികൾക്കൊപ്പമുളള ദൃശ്യങ്ങളാണു പ്രചരിച്ചിരുന്നത്. പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
മുൻ മുഖ്യമന്ത്രിയുടേതെന്നു പ്രചരിക്കുന്ന വീഡിയോയിൽ ചെറുപ്പക്കാരിയായ പെൺകുട്ടിയോടൊപ്പം ഹോട്ടൽ റൂമിലുള്ള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സംസ്ഥാനത്തെ പ്രമുഖർ ഹണിട്രാപ്പ് സംഘത്തിലെ പെൺകുട്ടികളോടൊപ്പമുള്ള ആയിരക്കണക്കിനു ദൃശ്യങ്ങളും സെക്സ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
(തുടരും)
നാളെ: വിദ്യാർഥിനികൾ മുതൽ ബോളിവുഡ് നടിമാർ വരെ.