കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമാക്കി ഹണിട്രാപ് നടത്തി പണം തട്ടുന്ന യുവതി വീണ്ടും രംഗത്ത്.
നിരവധി പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ കെണിയിൽ ഇതിനകം വീണെന്നാണ് സൂചന. പലരും വൻ കടക്കെണിയിൽ ആയതായും പറയുന്നു. പലരുടെയും കൈയില്‍നിന്നു വന്‍ തുക നഷ്ടമായെന്നാണ് അറിയുന്നത്.
എന്നാല്‍, ഹണിട്രാപ്പിൽ പോലീസിനു പണം പോയെന്നു പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നു മിക്കവരും പരാതി നല്കാന് തയാറാകുന്നില്ല.
എസ്ഐ മുതൽ ഡിവൈഎസ്പി വരെ ഹണി ട്രാപ്പിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന. മുമ്പ് ഇവരുടെ കെണിയില്‍ അകപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായും പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പോലീസുകാർ പരാതി കൊടുക്കാൻ തയാറാകില്ലെന്നതു മുതലെടുത്താണ് യുവതിയുടെ കൂസാതെയുള്ള വിളയാട്ടം.
സമൂഹ മാധ്യമങ്ങളിലൂടെ
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് യുവതിയുടേത്.
പരിചയം ഉണ്ടാക്കിയെടുത്ത ശേഷം കെണിയില്‍ കുടുക്കി പണം തട്ടുന്നതായിരുന്നു രീതി. കഴിഞ്ഞ വര്‍ഷം നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എസ്ഐക്കെതിരേ പരാതി
തുടര്‍ന്ന് തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ഇവര്‍ പീഡനപരാതി നല്കി. പരാതി പ്രകാരം മ്യൂസിയം പോലീസ് എസ്ഐക്കെതിരേ കേസ് എടുത്തു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍ ഉത്തരവ് ഇട്ടിരുന്നു.
ശബ്ദസന്ദേശം
മുമ്പ് കെണിയില്‍പ്പെടുത്തിയ ഒരു എസ്ഐയെക്കുറിച്ച് ഇവര്‍ ഒരു സിഐയുമായി സംസാരിക്കുന്ന ശബ്ദസന്ദേശം ഇപ്പോള്‍ പല പോലീസ് ഗ്രൂപ്പുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥരെ വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ അവരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി കുടുംബ ജീവിതം തകര്‍ക്കുന്നതും ഇവരുടെ രീതിയാണെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സംവിധായകനും പെട്ടു
കഴിഞ്ഞ വര്‍ഷം ദൂരദര്‍ശനിലെ ഒരു ഉദ്യോഗസ്ഥനും പ്രശസ്ത സിനിമാ സംവിധായകനും വരെ ഇവരുടെ ട്രാപ്പില്‍ പ്പെട്ടിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
കൊച്ചി സിറ്റി പോലീസിലെ ചില ഉദ്യോഗസ്ഥരും ഇവരുടെ കെണിയില്‍ പെട്ടിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുന്നറിയിപ്പ്
പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമങ്ങളില്‍ സംവദിക്കരുതെന്നും സൗഹൃദം സ്ഥാപിക്കരുതെന്നും അന്നത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍തന്നെ കാറ്റില്‍ പറത്തുന്നതായും ആക്ഷേപമുണ്ട്.
പോലീസുകാരെ ഹണി ട്രാപ്പില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്കു ശക്തമായ പരാതിയുണ്ട്.
ചില പോലീസ് ഉദ്യോഗസ്ഥരുടെ നിലവാരത്തകര്‍ച്ചയാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
– എം. ലക്ഷ്മി