പയ്യന്നൂര്‍: സ്കൂൾ ജീവനക്കാരൻ ഹണിട്രാപ്പിൽ കുടുങ്ങി. ഹണിട്രാപ്പ് സംഘത്തിലെ ചിലരെ പോലീസ് പൊക്കിയപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരം.
ഹണിട്രാപ്പിൽ കുരുങ്ങിയ സ്കൂൾ ജീവനക്കാരൻ പണം കൊടുത്ത് തടിയൂരാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. പോലീസ് നടത്തിയ നീക്കത്തില്‍ പിടികൂടിയ യുവാക്കളുടെ ഫോണില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തേന്‍കെണിയില്‍ സ്കൂളിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരന് വീണത്. ഇയാളുമായി മുന്‍ പരിചയമുള്ള യുവതിയാണ് ഇയാളുമായി കൂടുതല്‍ അടുത്ത് അതിന് പിന്നാലെ കെണിയൊരുക്കിയത്. വെള്ളൂരിനടുത്തുള്ള വാടകവീട്ടിലെ ഒരു മുറിയാണ് തേന്കെണിക്കാര് തെരഞ്ഞെടുത്തത്.
താനുമൊത്തുള്ള നഗ്നചിത്രങ്ങള്‍ വീഡിയോയായും ഫോട്ടോകളായും മാറുന്നതും ഇയാളറിഞ്ഞില്ല. പിന്നീട് വിലപേശല്‍ നടന്നപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരം ഇയാളറിയുന്നത്. ഇരുചെവിയറിയാതെ പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിന് അഞ്ചുലക്ഷം രൂപചോദിച്ച് ഹണിട്രാപ്പിന്റെ ആസൂത്രകരായ ചിലര്‍ വീഡിയോകളും ഫോട്ടോകളുമായി രംഗത്തെത്തിയതോടെയാണ് ഇര ഊരാക്കുടുക്കിലായത്.
രക്ഷപ്പെടാന്‍ മറ്റുമാര്‍ഗങ്ങള്‍ കാണാതെ വന്നതിനാല്‍ രണ്ടുലക്ഷം രൂപയുടെ ചെക്കും 20,000 രൂപയും നല്കി തടിതപ്പുകയായിരുന്നു. ചെക്കുപയോഗിച്ച് പണം മാറിയാല്‍ ശരിയാവില്ല എന്ന തോന്നലില്‍ ചെക്കിലെ തുക പണമായി നല്‍കണമെന്ന ആവശ്യമാണ് പിന്നീടുണ്ടായത്.
തല്ക്കാലം കൈയിലുള്ള 50,000 രൂപ നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം വാങ്ങാനായി പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെത്തിയത് പതിനെട്ടുകാരായ രണ്ടു യുവാക്കളാണ്.
ഇക്കാര്യം രഹസ്യമായി അറിഞ്ഞ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഒരു പോലീസ് ഓഫീസറെ മഫ്ടിയിലയച്ചത് ആരുമറിഞ്ഞില്ല. ഇതിനിടെ പണം വാങ്ങാനായി വരുന്നവരെ പിടികൂടാന്‍ ജീവനക്കാരൻ നിയോഗിച്ച എട്ടോളം പേരും സ്ഥലത്തുണ്ടായിരുന്നു.
പണം വാങ്ങാനെത്തിയ യുവാക്കള്‍ എട്ടംഗസംഘത്തിന്റെ കൈത്തരിപ്പ് ശരിക്ക് മനസിലാക്കിയപ്പോഴേക്കും അതിലൊരാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് കൂടെയുണ്ടായിരുന്ന യുവാവിനെയും പോലീസ് പൊക്കി.
ചിലര്‍ തന്നെ ബലമായി വിവസ്ത്രനാക്കി ഫോട്ടോകള്‍ ചിത്രീകരിച്ച് വിലപേശുകയാണെന്ന് പോലീസിനോട് പറഞ്ഞ ഇര തനിക്ക് പരാതിയില്ല എന്ന് പറഞ്ഞതോടെ തുടര്‍നടപടി സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി പോലീസ്.
എങ്കിലും പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കാസര്‍ഗോഡ് ജില്ലയിലെ രണ്ട് യുവതികളാണ് തേന്കെണിയൊരുക്കിയതെന്ന് മനസിലായത്.
കെണിയില്‍പ്പെടുത്തിയ ഇരകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ സ്ത്രീകള്‍ രഹസ്യമായി ചിത്രീകരിക്കുകയും തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും വീട്ടിലറിയിക്കുമെന്നും ഭീഷണിപ്പെടുത്തി വന്‍തുക ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി.
പിടിയിലായവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പയ്യന്നൂരും പരിസരങ്ങളിലുമുള്ള പല ഉന്നതരും ഇവരുടെ കെണിയിലായ വിവരവും പോലീസറിഞ്ഞത്. പലരും മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്കാന് തയ്യാറാകാത്തതാണ് വീണ്ടും ഹണിട്രാപ്പിന് സംഘത്തെ പ്രേരിപ്പിക്കുന്നത്.
2018 ജൂലൈയില്‍ കാസര്‍ഗോട്ടെ യുവവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവവും പയ്യന്നൂരിലെ ഒരു പ്രമുഖനെ കെണിയില്‍പ്പെടുത്തി 45ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും പുറത്തുവന്നിരുന്നു.